

മധ്യ പ്രദേശ്: മഹാരാജ്പുരയിലെ മാൾവ കോളേജിന് സമീപം ഇന്ന് പുലർച്ചെ ഒരു കാർ ട്രാക്ടറുമായി കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ദാബ്രയിൽ നിന്ന് വരികയായിരുന്ന കാർ ഒരു ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. എല്ലാ യാത്രക്കാരും മരിച്ചതായി സിറ്റി പോലീസ് സൂപ്രണ്ട് ഹിന ഖാൻ അറിയിച്ചു. (Malwa Accident)
അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരിച്ചവരിൽ ചിലർ ആദിത്യപുരത്ത് നിന്നുള്ള രജാവത്ത് കുടുംബത്തിൽ പെട്ടവരാണെന്നാണ് പ്രാഥമിക വിവരം. മറ്റുള്ളവരുടെ പരിശോധന പുരോഗമിക്കുകയാണ്.
"ഇന്ന് രാവിലെ 6:00 നും 6:30 നും ഇടയിൽ, മാൾവ കോളേജിന് മുന്നിലുള്ള ഹൈവേയിൽ ഒരു കാറും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം നടന്നതായി കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. അഞ്ച് ആൺകുട്ടികളുമായി ഹൈവേയുടെ ദാബ്ര ഭാഗത്ത് നിന്ന് വരികയായിരുന്ന വെളുത്ത കാറിനെ പിന്നിൽ നിന്നും ട്രാക്ടർ ഇടിക്കുകയായിരുന്നു. ആരെയും ഇതുവരെ ജീവനോടെ കണ്ടെത്തിയിട്ടില്ല. ഈ അഞ്ച് പേരും ഒരുമിച്ച് യാത്ര ചെയ്തിരുന്ന സുഹൃത്തുക്കളായിരുന്നു." എന്ന് സിറ്റി പോലീസ് സൂപ്രണ്ട് അറിയിച്ചു.