

മുംബൈ: സിനിമാ ലോകത്തെ ഇരുണ്ട വശമായ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോഡലും ഇന്ത്യൻ ക്രിക്കറ്റ് താരം ദീപക് ചാഹറിന്റെ സഹോദരിയുമായ മാൽതി ചാഹർ. താൻ ഏറെ ബഹുമാനിച്ചിരുന്ന ഒരു മുതിർന്ന സംവിധായകനിൽ നിന്നാണ് ദുരനുഭവം ഉണ്ടായതെന്ന് താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
സിനിമയിൽ തുടക്കക്കാരിയായിരുന്ന കാലത്താണ് ആദ്യ സംഭവം നടന്നതെന്ന് മാൽതി പറയുന്നു. ഒരു പ്രമുഖ തെന്നിന്ത്യൻ നിർമ്മാതാവിനെ കണ്ട ശേഷം മടങ്ങിയ തന്നെ സംവിധായകൻ വിളിച്ച് നിർമ്മാതാവിന്റെ റൂം നമ്പർ നൽകി അങ്ങോട്ട് ചെല്ലാൻ ആവശ്യപ്പെട്ടു.എന്തിനാണ് റൂമിലേക്ക് പോകുന്നതെന്ന് ചോദിച്ചപ്പോൾ, ഇൻഡസ്ട്രിയിൽ കാര്യങ്ങൾ നടക്കുന്നത് എങ്ങനെയെന്ന് നേരിട്ട് കണ്ടറിയണം എന്നായിരുന്നു മറുപടി.തെറ്റായ സൂചനയാണെന്ന് തിരിച്ചറിഞ്ഞ താരം അവിടെ പോകാൻ തയ്യാറായില്ല. പിന്നീട് അക്കാര്യത്തിൽ സംവിധായകനെ ചോദ്യം ചെയ്യുകയും ചെയ്തു.
ഏറ്റവും വേദനിപ്പിച്ചത് മറ്റൊരു മുതിർന്ന സംവിധായകന്റെ പെരുമാറ്റമാണെന്ന് മാൽതി വെളിപ്പെടുത്തി. താൻ അച്ഛനെപ്പോലെ കരുതിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
"ഒരിക്കൽ അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് യാത്ര ചോദിക്കുന്നതിനിടെ അദ്ദേഹം എന്നെ ചുംബിക്കാൻ ശ്രമിച്ചു. അത് തികച്ചും അപ്രതീക്ഷിതവും മോശവുമായ ഒന്നായിരുന്നു. അയാളുടെ കുടുംബത്തെപ്പോലും എനിക്ക് അടുത്തറിയാമായിരുന്നു. എന്നിട്ടും അദ്ദേഹം അത് ചെയ്തു എന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു." - മാൽതി ചാഹർ.
ആ സംഭവത്തിന് ശേഷം അയാളെ കാണാനോ ബന്ധപ്പെടാനോ താൻ ശ്രമിച്ചിട്ടില്ലെന്നും, സിനിമയിൽ ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്ന് ആ അനുഭവം പഠിപ്പിച്ചുവെന്നും താരം കൂട്ടിച്ചേർത്തു. ബിഗ് ബോസ് സീസൺ 19-ലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മാൽതി.