

ഭോപ്പാൽ: മധ്യപ്രദേശിലെ സത്നയിൽ സ്വകാര്യ ഡയഗ്നോസ്റ്റിക് സെന്ററിന്റെ ഭാഗത്തുനിന്നുണ്ടായ വിചിത്രവും ഗുരുതരവുമായ വീഴ്ച വാർത്തയാകുന്നു (Male Patient Pregnant Report). 47 വയസ്സുകാരനായ പുരുഷ രോഗിയുടെ സോണോഗ്രാഫി റിപ്പോർട്ടിലാണ് അദ്ദേഹം 'ഗർഭിണി'യാണെന്നും ശരീരത്തിൽ ഗർഭപാത്രം ഉണ്ടെന്നും ലാബ് അധികൃതർ രേഖപ്പെടുത്തിയത്. ബിജെപി നേതാവും ഉചേര നഗര പഞ്ചായത്ത് അധ്യക്ഷനുമായ നിരഞ്ജൻ പ്രജാപതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഡയഗ്നോസ്റ്റിക് സെന്ററിന്റെ ഈ അനാസ്ഥ സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്.
വയറുവേദനയെയും വീക്കത്തെയും തുടർന്ന് ജനുവരി 13-നാണ് നിരഞ്ജൻ പ്രജാപതി സത്നയിലെ സ്റ്റേഷൻ റോഡിലുള്ള ഡയഗ്നോസ്റ്റിക് സെന്ററിൽ പരിശോധന നടത്തിയത്. ലഭിച്ച റിപ്പോർട്ട് പരിശോധിച്ചപ്പോഴാണ് അതിൽ ഗർഭപാത്രം ഉണ്ടെന്നും അത് അന്തർമുഖമാണ് എന്നും രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടത്. "ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും ഡോക്ടർ എന്നെ ഓപ്പറേഷൻ ചെയ്തിരുന്നെങ്കിൽ അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമായിരുന്നു?" എന്ന് പ്രജാപതി ചോദിച്ചു. സാധാരണയായി സ്ത്രീകൾക്ക് നൽകുന്ന റിപ്പോർട്ട് ഫോർമാറ്റ് പുരുഷനായ രോഗിക്ക് നൽകിയതാണ് ഇത്തരമൊരു അബദ്ധത്തിന് കാരണമായതെന്നാണ് കരുതപ്പെടുന്നത്.
സംഭവം വിവാദമായതോടെ ലാബ് അധികൃതർ പ്രതികരിക്കാൻ തയ്യാറായിട്ടില്ലെങ്കിലും ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രോഗികളുടെ ജീവൻ വെച്ച് കളിക്കുന്ന ഇത്തരം ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സത്ന സി.എം.എച്ച്.ഒ അറിയിച്ചു. മെഡിക്കൽ റിപ്പോർട്ടുകൾ തയ്യാറാക്കുമ്പോൾ ജീവനക്കാർ കാട്ടുന്ന അലംഭാവം എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. ലാബിന്റെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
A private diagnostic center in Satna, Madhya Pradesh, displayed extreme negligence by issuing a sonography report claiming a 47-year-old male BJP leader, Niranjan Prajapati, had a uterus. Prajapati, who sought the test for stomach pain, questioned who would be responsible if surgery had been performed based on this erroneous report. Following the incident, the health department launched an investigation, with the CMHO warning of strict legal action against the lab for jeopardizing patient safety.