
രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായ ഡൽഹി. ഒട്ടനവധി രാജവംശങ്ങളുടെ ഉയർച്ചയും താഴ്ചയും നിശബ്ദമായി ഡൽഹി സാക്ഷ്യം വഹിച്ചു. നാട് ഭരിച്ച രാജവംശങ്ങളുടടെ ചരിത്ര അവശേഷിപ്പായി ഇപ്പോൾ ഡൽഹിയിൽ അവശേഷിക്കുന്നത് കൊട്ടാരങ്ങളും കോട്ടകളും മാത്രമാണ്. ഇവയിൽ പലതും വിനോദ സഞ്ചാര കേന്ദ്രങ്ങളായും ഭരണനിർവഹണ കെട്ടിടങ്ങളായും പ്രവർത്തിക്കുന്നു. ഡൽഹിയിലെ റെയ്‌സിന കുന്നിന് സമീപമായി ഒരു കൊട്ടാരമുണ്ട്. വർണശബളമായ കാഴ്ചകളോ, ത്രസിപ്പിക്കുന്ന ചരിത്രമോ, രാജവംശത്തിന്റെ പ്രൗഢിയോ തീർത്തും തീണ്ടാത്ത ഒരു കൊട്ടാരം. നുഴഞ്ഞുകയറ്റക്കാരെ വെടിവെച്ച് കൊല്ലുന്ന, പ്രേതാത്മാക്കൾ വിഹരിക്കുന്ന മാൽച്ച മഹൽ (Malcha Mahal). ഔദിലെ സ്വയം പ്രഖ്യാപിത രാജകുടുംബത്തിന്റെ രാജകീയ വസതിയായി ഈ കൊട്ടാരത്തിന് പറയുവാൻ ഒരു നീണ്ട ഭൂതകാലമുണ്ട്.
14ാം നൂറ്റാണ്ടില്‍ ഫിറോസ് ഷാ തുഗ്ലക്കാണ് മാൽച്ച മഹൽ പണിതീർക്കുന്നത്. വേട്ടയ്ക്കു പോകുന്ന രാജാക്കന്മാർക്ക് വിശ്രമിക്കുവൻ വേണ്ടിയാണ് മാൽച്ച മഹൽ നിർമ്മിക്കുന്നത്. ഡല്‍ഹി ചാണക്യപുരി റോഡില്‍ നിന്ന് 1.5 കിലോമീറ്റര്‍ മാത്രം അകലെയായാണ് മാൽച്ച മഹല്‍ സ്ഥിതി ചെയ്യുന്നത്. പൂർണമായും കല്ലുകൾ കൊണ്ട് പണിത കൊട്ടാരം നിലവിൽ ഒരു കെട്ടിട അവശിഷ്ടം മാത്രമാണ്. തുഗ്ലക്ക് രാജവംശത്തിന്റെ അധിനതയിലായിരുന്നു കൊട്ടാരം പില്‍ക്കാലത്ത് അവധ് ഭരണാധികാരികളുടെ വസതിയായി മാറി.
സമ്പന്നമായ സംസ്കാരം, സംഗീതം, മനോഹരമായ വാസ്തുവിദ്യ എന്നിവയ്ക്ക് പേരുകേട്ടവരായിരുന്നു അവധ് രാജവംശം. ലഖ്‌നൗ തലസ്ഥാനമായി വാണ രാജവംശം, വാജിദ് അലി ഷായെ പോലുള്ള നവാബുമാരുടെ കീഴിൽ രാജ്യവും ജനങ്ങളും അഭിവൃദ്ധി പ്രാപിച്ചു. എന്നാൽ വംശത്തിന്റെ മിഴിവിന് അധികം ആയുസ്സുണ്ടായിരുന്നില്ല, 1856-ൽ ബ്രിട്ടീഷുകാർ അവധ് പിടിച്ചടക്കി, അവസാനത്തെ നവാബിനെ നാടുകടത്തി, രാജകുടുംബത്തെ പിരിച്ചുവിട്ടു. അങ്ങനെ നൂറ്റാണ്ടുകളുടെ ഇതിഹാസം ഓർമ്മകളിൽ മാത്രം ഒതുങ്ങി. അതോടെ അവധ് ഭരണാധികാരികളും കൊട്ടാരം വിട്ടു പോയി.
ബീഗം വിലായത്തും മക്കളും നരകിച്ച് ജീവിച്ച കൊട്ടാരം
അവധ് രാജവംശം തകർന്നടിഞ്ഞു. അവധ് ഭരണാധികാരികൾ കൊട്ടാരം വിട്ടു പോയി. കൊട്ടാരം തീർത്തും ഒറ്റപ്പെട്ടു. പ്രൗഢിയുടെ തിരശിലകൾ പതിയെ അഴിഞ്ഞു വീണു. കൊട്ടാരം ആർക്കും വേണ്ടാതെയായി. എന്നാൽ അപ്രതീക്ഷതമായാണ് 1980 ൽ അവധ് രാജവംശത്തിലെ അവസാന നവാബ് വാജിദ് അലി ഷായുടെ സ്വയം പ്രഖ്യാപിത കൊച്ചുമകളായ ബീഗം വിലായത്ത് മഹലും (Begum Wilayat Mahal) മക്കളും കൊട്ടാരം തേടിയെത്തുന്നത്ത്. ബീഗം വിലായത്തും മക്കളും ഇവിടെ താമസിക്കാനായി എത്തിയതോടെ കൊട്ടാരം വാര്‍ത്തകളിൽ ഇടംപിടിച്ചു. അവധ് രാജവംശത്തിന്റെ സ്വത്തുക്കള്‍ ആവശ്യപ്പെട്ട് കൊണ്ട് ബീഗം വിലായത്തും മക്കളും ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ സമരം ആരംഭിക്കുന്നു.
1985 ൽ ബീഗം വിലായത്തിനും മക്കൾക്കും മാൽച്ച മഹൽ വിട്ടുകൊടു ക്കാന്‍ സർക്കാർ ഉത്തരവിടുന്നു. രാജകീയ ജീവിതത്തിന്റെ സ്മരണകളും പേറി ദരിദ്രവും ഒറ്റപ്പെട്ടതുമായ ജീവിതമായിരുന്നു ഇവര്‍ ഇവിടെ നയിച്ചിരുന്നത്. മഹലിലെ വാസത്തിനിടെ കടുത്ത വിഷാദരോഗത്തിന് ഇരയായ ബീഗം വിലായത്ത് ജീവനൊടുക്കി. രാജകീയ സ്വത്തുക്കളും ഇരുപതിലേറെ വളർത്തു നായ്ക്കളുമാണ് അമ്മ മക്കൾക്കായി ബാക്കിവച്ചത്. തനിച്ചായ മക്കൾ താമസിച്ച മഹൽ മോഷ്ടാക്കളുടെ വിഹാരകേന്ദ്രമായി മാറി. വിലപിടിപ്പുളള പല വസ്തുക്കളും കൊട്ടാരത്തിൽ നിന്നു മോഷ്ടിക്കപ്പെട്ടു. മോഷ്ടാക്കളുടെ നിരന്തര അതിക്രമങ്ങളിൽ വലഞ്ഞ മക്കൾ പുറം ലോകവുമായി ബന്ധപ്പെടാതെ മഹലിൽ ഒതുങ്ങിക്കൂടി.
ഔധ് രാജവംശത്തിലെ അവസാന കണ്ണികളായ സഹോദരങ്ങൾക്ക് ഏകാന്തത മാത്രമായി കൂട്ടിന്. ‘നുഴഞ്ഞുകയറ്റക്കാരെ വെടിവെച്ച് കൊല്ലും’ എന്ന് പ്രഖ്യാപിച്ച കാവൽ നായ്ക്കളും ഭയപ്പെടുത്തുന്ന അടയാളങ്ങളും ഇതിന് തെളിവായിരുന്നു. ഒറ്റപ്പെടലിൽ ഒടുവിൽ ബീഗത്തിന്റെ മകൾ മരിച്ചു. മാനസിക രോഗിയായി മാറിയ മകന്‍ പിന്നീട് തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമായിരുന്നു ഇവിടെ നയിച്ചിരുന്നത്. 2017ല്‍ ഇദ്ദേഹത്തെ കൊട്ടാരത്തിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ കൊട്ടാരം വീണ്ടും ഉപേക്ഷിക്കപ്പെട്ടു.
മനുഷ്യവാസമില്ലാത്ത ഇടങ്ങളെ ചുറ്റിപറ്റി പ്രേതകഥകൾ പ്രചരിക്കുന്നത് തീർത്തും സാധാരണമാണ്. അത്തരത്തിൽ മാൽച്ച മഹലുമായി ബന്ധപ്പെട്ട് ഒട്ടനവധി പ്രേതകഥകളാണ് പ്രചാരണത്തിനുള്ളത്. കൊട്ടാരത്തിലേക്ക് കടന്നാൽ രാജകുമാരൻ നുഴഞ്ഞുകയറ്റക്കാരെ വെടിവെച്ച് കൊല്ലുമാത്രേ. ബീഗം വിലായത്തിന്റെയും മക്കളുടെയും മരണത്തിന് ശേഷവും പലരും അവരുടെ ആത്മാക്കൾ കൊട്ടാരത്തിൽ അലയുന്നതായി കണ്ടവർ ഏറെ. കൊട്ടാരത്തിൽ പ്രേതാത്മാക്കൾ ഉണ്ടാകാം ഒരുപക്ഷെ ഇല്ലായിരിക്കാം, എന്നാൽ ബീഗം വിലായത്തിനും മക്കളും ആ കൊട്ടാരത്തിൽ നരകതുല്യമായാണ് ഓരോ ദിവസവും തള്ളിനീക്കിയത്. ജീവിച്ചിരിക്കുമ്പോൾ പോലും വെറും ആത്മാക്കളാണ് കൊട്ടാരത്തിന്റെ നാലു ചുമരുകൾക്ക് ഉള്ളിൽ മരണം വരെ കഴിഞ്ഞത് എന്നത് പകൽ പോലെ സത്യം.