

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ തൻ്റെ ആധിപത്യം ഉറപ്പിച്ച് മലയാളി നേതാവ് ജഗദീഷ് തൈപ്പള്ളി. ബൃഹത് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC) തിരഞ്ഞെടുപ്പിൽ 185-ാം വാർഡിൽ നിന്നാണ് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) സ്ഥാനാർത്ഥിയായ ജഗദീഷ് രണ്ടാം തവണയും വിജയിച്ചത്. 1,450 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്.
മുതിർന്ന നേതാവ് രവി രാജയെ പരാജയപ്പെടുത്തിയാണ് ജഗദീഷ് വിജയം നേടിയത് എന്നത് ഈ വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. ദീർഘകാലം കോൺഗ്രസ് നേതാവായിരുന്ന രവി രാജ 2024-ലാണ് ബിജെപിയിൽ ചേർന്നത്. 26% ദക്ഷിണേന്ത്യൻ വോട്ടർമാരും മറാത്തി, ഉത്തരേന്ത്യൻ, മുസ്ലിം, ഗുജറാത്തി വോട്ടർമാരും ഉൾപ്പെടുന്ന സമ്മിശ്ര ജനവിഭാഗമാണ് ഈ വാർഡിലുള്ളത്.
ഇരിങ്ങാലക്കുടയിൽ നിന്ന് ബിഎംസിയിലേക്ക്
തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ജഗദീഷ് 40 വർഷം മുൻപാണ് തൊഴിൽ തേടി മുംബൈയിലെത്തിയത്. ബിസിനസുകാരനായ അദ്ദേഹം കരാർ ജോലികളിലെ കുടിശ്ശിക വസൂലാക്കാൻ വേണ്ടിയാണ് മുപ്പത് വർഷം മുൻപ് ശിവസേനയിൽ ചേർന്നതെന്ന് തമാശരൂപേണ പറയാറുണ്ട്.
പിന്നീട് പാർട്ടിയിൽ സജീവമാവുകയും ശാഖാപ്രമുഖ് പദവിയിലെത്തുകയും ചെയ്തു.
2017-ൽ ആദ്യമായി മത്സരിച്ചപ്പോൾ 680 വോട്ടുകൾക്കായിരുന്നു വിജയം. ഇത്തവണ ഭൂരിപക്ഷം ഇരട്ടിയായി വർദ്ധിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. വാർഡിൽ നാലോ അഞ്ചോ മലയാളി കുടുംബങ്ങൾ മാത്രമേയുള്ളൂവെന്നും എന്നാൽ ഇതര ഭാഷക്കാരായ പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്നത് കൊണ്ടാണ് തനിക്ക് വിജയിക്കാൻ സാധിക്കുന്നതെന്നും ജഗദീഷ് പറയുന്നു.