മുംബൈ: വാരണാസിയിൽ നിന്ന് മുംബൈയിലേക്കുള്ള ആകാശ എയർ വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകുന്നേരം 6:45 ന് ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ട QP 1497 വിമാനത്തിലാണ് സംഭവം.(Malayali in custody after trying to open emergency exit while plane was preparing for takeoff)
ജോൻപൂർ ജില്ലയിലെ ഗൗരാ ബാദ്ഷാപ്പൂർ സ്വദേശിയായ സുജിത് സിംഗ് എന്ന യാത്രക്കാരനാണ് വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചത്. കാബിൻ ക്രൂ നൽകിയ മുന്നറിയിപ്പിനെ തുടർന്ന്, പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ വിവരം അറിയിക്കുകയും വിമാനം തിരികെ ബേയിലേക്ക് കൊണ്ടുവരികയും ചെയ്തു.
സുരക്ഷാ ഉദ്യോഗസ്ഥർ എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്ന് പുറത്തിറക്കി. സുജിത് സിംഗിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കൗതുകം കൊണ്ടാണ് എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചതെന്ന് യാത്രക്കാരൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ഫൂൽപൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രവീൺ കുമാർ സിംഗ് അറിയിച്ചു. സുരക്ഷാ പരിശോധനകൾക്ക് ശേഷം വിമാനം ഏകദേശം 7:45 ന് മുംബൈയിലേക്ക് വൈകിയാണ് പുറപ്പെട്ടത്.