തെന്നിന്ത്യൻ മുൻനിര നായക താരം വിശാൽ നായകനാവുന്ന പുതിയ സിനിമയാണ് 'മകുടം'. ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. വിശാൽ വൃദ്ധന്റെ വേഷത്തിൽ ഉൾപ്പടെ മൂന്നു ഗെറ്റപ്പുകളിൽ നിൽക്കുന്ന പോസ്റ്ററാണ് വിനായക ചതുർത്ഥി ആശംസകൾ നേർന്നു കൊണ്ട് അണിയറക്കാർ പുറത്തുവിട്ടത്. നേരത്തെപുറത്തുവിട്ട, തുറമുഖ പശ്ചാത്തലത്തിൽ വിശാൽ തിരിഞ്ഞു നിൽക്കുന്ന ടൈറ്റിൽ ടീസർ മില്യനിൽ പരം കാഴ്ചക്കാരെ ആകർഷിച്ച് മുന്നേറുന്നു എന്നത് ശ്രദ്ധേയമാണ്. മകുടത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. (Vishal)
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വിശാൽ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരവ് നടത്തുന്നതിന്റെ തെളിവാണ് ഫസ്റ്റ് ലുക്കും ടൈറ്റിൽ ടീസറും. വിശാലിൻ്റെ പവർ പാക്ക്ഡ് ആക്ഷൻ എൻ്റർടെയ്നർ ആയിരിക്കും മകുടം എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. തെന്നിന്ത്യയിലെ മുൻ നിര നി കമ്പനിയായ ആർ.ബി. ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 99-മത്തെ സിനിമയാണിത്. വിശാൽ നായകനാവുന്ന 35-മത്തെ സിനിമയും.
രവി അരസാണ് രചനയും സംവിധാനവും. മകുടത്തിൻ്റെ ആദ്യഘട്ട ചിത്രീകരണം ചെന്നൈ, ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായിട്ടായിരുന്നു.
2023 ലെ സൂപ്പർഹിറ്റ് സിനിമയായ മാർക്ക് ആന്റണിക്ക് ശേഷം ജി വി പ്രകാശ് സംഗീതം നൽകുന്ന വിശാൽ സിനിമ കൂടിയാണ് മകുടം. മകുടം എന്നാൽ കിരീടം എന്നാണ് അർത്ഥം. ഓഗസ്റ്റ് ഒന്നാം തീയതി മുതൽ ഷൂട്ടിങ് തുടങ്ങിയ സിനിമയിൽ വിശാലിന്റെ നായികയായി എത്തിയത് ദുഷാര വിജയനാണ്. വിശാലിന്റെ വിജയ സിനിമകളായ സമർ, നാൻ സിഗപ്പു മനിതൻ,കത്തി സണ്ടൈ, മദ ഗജ രാജ എന്നീ സിനിമകളുടെ ക്യാമറാമാൻ റിച്ചാർഡ് എം നാഥനാണ് മകുടത്തിന്റെയും ക്യാമറ ചലിപ്പിക്കുന്നത്.