ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള നൗഗാം പൊലീസ് സ്റ്റേഷനിൽ വൻ സ്ഫോടനം. അപകടത്തിൽ 7 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. 5പേർ ഗുരുതരാവസ്ഥയിലാണ്. ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. മരണസംഖ്യ ഉയർന്നേക്കാം, സംഭവത്തിൽ പൊലീസ് സ്റ്റേഷനും സമീപത്തെ കെട്ടിടങ്ങൾക്കും സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.(Major tragedy in Jammu and Kashmir, Blast at police station; 7 dead)
പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ (എഫ്എസ്എൽ) ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഭീകരപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ ഉദ്ദേശിച്ച ഏകദേശം 3000 കിലോയിലേറെ വരുന്ന അമോണിയം നൈട്രേറ്റാണ് ഈ പരിശോധനക്ക് വിധേയമാക്കിയത്. കൈകാര്യം ചെയ്യുന്നതിനിടെയോ സാമ്പിളുകൾ ശേഖരിക്കുന്നതിനിടയിലോ രാസവസ്തുക്കൾ പൊട്ടിത്തെറിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റ ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും ഉടൻ തന്നെ ഇന്ത്യൻ ആർമിയുടെ 92 ബേസ് ആശുപത്രിയിലേക്കും ശ്രീനഗറിലെ ഷേർ-ഇ-കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കും (SKIMS) മാറ്റി. പലരുടെയും പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
സ്ഫോടനത്തിന് പിന്നാലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നൗഗാമിൽ എത്തിച്ചേർന്നു. പ്രദേശം പൂർണ്ണമായി വളഞ്ഞ സുരക്ഷാ സേന, കൂടുതൽ അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്റെ പോസ്റ്ററുകൾ പതിച്ചതുമായി ബന്ധപ്പെട്ട് നൗഗാം സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) കണ്ടെത്തിയ കേസിന്റെ തുടർച്ചയായാണ് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്.
തുടർന്ന്, തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള പ്രൊഫഷണലുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ അറസ്റ്റിന് പിന്നാലെയായിരുന്നു നവംബർ 10-ന് ഡൽഹിയിലെ ചെങ്കോട്ടക്ക് സമീപം സ്ഫോടനം നടന്നത്. ഈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നത്. തീവ്രവാദ ഭീഷണിക്കിടയിൽ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച ഈ വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.