ന്യൂഡൽഹി: പാകിസ്ഥാൻ ഐ.എസ്.ഐ.യുമായി ബന്ധമുള്ള വൻ ആയുധക്കടത്ത് സംഘത്തെ ഡൽഹി ക്രൈംബ്രാഞ്ച് പിടികൂടി. രണ്ട് പഞ്ചാബ് സ്വദേശികൾ ഉൾപ്പെടെ നാല് പേരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.(Major arms smuggling gang arrested in Delhi, Pakistan ISI links)
അറസ്റ്റിലായ സംഘത്തിന് പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ.യുമായി ബന്ധമുണ്ടെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. തുർക്കിയിലും ചൈനയിലും നിർമ്മിച്ച ആയുധങ്ങളാണ് സംഘം പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് വിതരണം ചെയ്തിരുന്നത്.
അതിർത്തി വഴി ഡ്രോണുകൾ ഉപയോഗിച്ചാണ് പാകിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് ആയുധങ്ങൾ കടത്തിയിരുന്നത്. സംഘത്തിന്റെ പക്കൽ നിന്ന് 10 തോക്കുകളും നിരവധി വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു. ഡൽഹിയിലെയും അയൽ സംസ്ഥാനങ്ങളിലെയും ഗുണ്ടാസംഘങ്ങൾക്കാണ് ഇവർ പ്രധാനമായും ആയുധങ്ങൾ വിതരണം ചെയ്തിരുന്നതെന്നും പോലീസ് അറിയിച്ചു.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന ഈ ആയുധക്കടത്ത് ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംഘത്തിന്റെ ഐ.എസ്.ഐ. ബന്ധത്തെക്കുറിച്ച് എൻ.ഐ.എ. ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കാൻ സാധ്യതയുണ്ട്.