ലഖ്‌നൗ: ഉത്തർപ്രദേശിലെ മഥുരയിൽ യമുന എക്‌സ്‌പ്രസ് ഹൈവേയിൽ കനത്ത പുകമഞ്ഞിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ നാല് പേർ മരിച്ചു. 25 പേരെ രക്ഷപ്പെടുത്തി. ഡൽഹി-ആഗ്ര എക്‌സ്‌പ്രസ് വേയിൽ കനത്ത പുകമഞ്ഞുമൂലം ദൃശ്യപരത കുറഞ്ഞതാണ് അപകടത്തിന് കാരണം.(Major accident on Yamuna Expressway, Vehicles collide and catch fire amid smog, 4 people die tragically )
ഏഴ് ബസുകളും മൂന്ന് കാറുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയെ തുടർന്ന് ബസ് അടക്കമുള്ള ചില വാഹനങ്ങൾക്ക് തീപിടിച്ചു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ പൂർണ്ണമായും അണച്ചത്.
സംഭവത്തെക്കുറിച്ച് സീനിയർ പോലീസ് സൂപ്രണ്ട് ശ്ലോക് കുമാർ വിശദീകരിച്ചു. നാല് പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഉടൻതന്നെ ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. 25 പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരുടെയും നില ഗുരുതരമല്ലെന്ന് എസ്.എസ്.പി. അറിയിച്ചു. രക്ഷപ്പെടുത്തിയ യാത്രക്കാരെ പോലീസ് വാഹനങ്ങളിൽ വീടുകളിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.