മുംബൈ: മഹാരാഷ്ട്രയിലെ 246 നഗരസഭകളിലേക്കും 42 നഗർ പഞ്ചായത്തുകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം ആധിപത്യം ഉറപ്പിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിൻഡെയുടെയും അജിത് പവാറിന്റെയും നേതൃത്വത്തിലുള്ള സഖ്യം പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയെ ബഹുദൂരം പിന്നിലാക്കിയാണ് മുന്നേറുന്നത്.(Maharashtra local body elections, Mahayuti alliance consolidates dominance)
മഹായുതി സഖ്യം ആകെയുള്ള 288 തദ്ദേശ സ്ഥാപനങ്ങളിൽ 214 ഇടത്തും സഖ്യം ഭരണം ഉറപ്പിച്ചു. ബിജെപി ഏകദേശം 3,120 സീറ്റുകളിൽ ലീഡ് നേടിക്കൊണ്ട് സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായി. മൂന്ന് സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ശിവസേന (ഷിൻഡെ) വിഭാഗം 600-ഓളം സീറ്റുകളിൽ മുന്നേറ്റം നടത്തി. എൻസിപി (അജിത് പവാർ) വിഭാഗം 200 സീറ്റുകളിൽ കരുത്ത് തെളിയിച്ചു. മഹാ വികാസ് അഘാഡി സഖ്യത്തിന് വെറും 52 ഇടങ്ങളിൽ മാത്രമേ അധികാരം പിടിക്കാനായുള്ളൂ. ശിവസേന യുബിടി (145 സീറ്റുകൾ), എൻസിപി ശരദ് പവാർ വിഭാഗം (122 സീറ്റുകൾ), കോൺഗ്രസ് (105 സീറ്റുകൾ) എന്നിങ്ങനെയാണ് വിവിധയിടങ്ങളിലെ ലീഡ് നില.
സർക്കാർ നടപ്പിലാക്കിയ സ്ത്രീക്ഷേമ പദ്ധതികളും കർഷകർക്കായുള്ള ധനസഹായ പാക്കേജുകളും (ഏകദേശം 32,000 കോടി രൂപ) ഗ്രാമീണ മേഖലകളിൽ വലിയ സ്വാധീനം ചെലുത്തി. ഭരണകക്ഷി നേതാക്കൾ നേരിട്ട് പ്രചാരണത്തിന് നേതൃത്വം നൽകിയപ്പോൾ, പ്രതിപക്ഷ നിരയിലെ ഏകോപനമില്ലായ്മ അവർക്ക് തിരിച്ചടിയായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ ലഭിച്ച ഈ വിജയം മഹായുതിയുടെ ജനപ്രീതി അടിവരയിടുന്നു.