മുംബൈ: മഹാരാഷ്ട്രയിൽ 246 മുനിസിപ്പൽ കൗൺസിലുകളിലേക്കും 42 നഗർ പഞ്ചായത്തുകളിലേക്കുമായി നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മഹായുതി സഖ്യം ബഹുദൂരം മുന്നിലാണ്. ബിജെപിയാണ് മുന്നണിയിൽ ഏറ്റവും വലിയ വിജയക്കുതിപ്പ് നടത്തുന്നത്.(Maharashtra local body elections, Big move for Mahayuti alliance)
246 മുനിസിപ്പൽ കൗൺസിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 86 എണ്ണത്തിൽ ബിജെപിയും 51 എണ്ണത്തിൽ ശിവസേന ഷിൻഡെ പക്ഷവും 32 എണ്ണത്തിൽ എൻസിപി അജിത് പവാർ പക്ഷവുമാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്. നഗർ പഞ്ചായത്തുകളിലെ കണക്കെടുത്താൽ 26 ഇടത്ത് ബിജെപിയും അഞ്ചിടത്ത് ശിവസേനയും മൂന്നിടത്ത് എൻസിപിയും ലീഡ് ചെയ്യുന്നുണ്ട്. പ്രതിപക്ഷമായ കോൺഗ്രസിന് നഗർ പഞ്ചായത്തുകളിൽ മൂന്നിടത്തും മുനിസിപ്പൽ കൗൺസിലുകളിൽ 25 ഇടത്തുമാണ് മുന്നിലെത്താനായത്. കൂടാതെ, മുനിസിപ്പൽ കൗൺസിലുകളിൽ 24 ഇടത്ത് സ്വതന്ത്ര സ്ഥാനാർത്ഥികളും മുന്നേറ്റം കാഴ്ചവെക്കുന്നുണ്ട്.
വിദർഭ, പശ്ചിമ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ബിജെപി വലിയ മുന്നേറ്റമാണ് നടത്തുന്നത്. നാഗ്പൂർ മേഖലയിലെ ഭൂരിഭാഗം നഗർ പഞ്ചായത്തുകളിലും മഹായുതി സഖ്യം ഇതിനകം അധികാരമുറപ്പിച്ചു. മറാഠ്‌വാഡയിൽ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിക്ക് പ്രതീക്ഷിച്ച സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല. കൊങ്കൺ മേഖലയിൽ ചിലയിടങ്ങളിൽ ശിവസേന ഉദ്ദവ് താക്കറെ വിഭാഗം തങ്ങളുടെ കരുത്ത് തെളിയിച്ചു.
പുണെയിലെ തദ്ദേശ സ്ഥാപനങ്ങളിൽ അജിത് പവാർ വിഭാഗം നിർണ്ണായക ശക്തിയായി തുടരുമ്പോൾ, നാസിക്കിൽ ഷിൻഡെ വിഭാഗം ശിവസേനയ്ക്കും ബിജെപിക്കുമാണ് മേൽക്കൈ ഉള്ളത്. ഈ തെരഞ്ഞെടുപ്പ് ഫലം ജനുവരിയിൽ നടക്കാനിരിക്കുന്ന ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (BMC) തെരഞ്ഞെടുപ്പിലും വലിയ സ്വാധീനം ചെലുത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.