
മുംബൈ: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം ഉയർത്താനുളള നടപടികൾ ആരംഭിച്ച് മഹാരാഷ്ട്ര സർക്കാർ(private sector working hours). പരമാവധി ദൈനംദിന ജോലി സമയം 9 നിന്ന് 10 മണിക്കൂറായി ഉയർത്താനാണ് പുതിയ തീരുമാനം.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, നിക്ഷേപം വർധിപ്പിക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയവയാണ് നടപടിക്ക് പിന്നിലെ ലക്ഷ്യം. ഇത് സംബന്ധിച്ച നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിന് മഹാരാഷ്ട്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം മാറ്റങ്ങൾ അംഗീകരിച്ചതായാണ് റിപ്പോർട്ട്. തീരുമാനം നടപ്പിലാകുന്നതോടെ 10 മണിക്കൂർ ജോലി സമ്പ്രദായം നിലനിൽക്കുന്ന കർണാടക, തമിഴ്‌നാട്, തെലങ്കാന, ഉത്തർപ്രദേശ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ മഹാരാഷ്ട്രയും ഇടം നേടും.