

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിൽ അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ അഭാവം ഒരു യുവതിയുടെയും കുഞ്ഞിന്റെയും ജീവനെടുത്തു. ആൽദാണ്ടി ടോള ഗ്രാമവാസിയായ ആശ സന്തോഷ് കിരംഗ (24) ആണ് മരിച്ചത്. ഗർഭാവസ്ഥയുടെ അവസാന ഘട്ടത്തിൽ കിലോമീറ്ററുകളോളം കാൽനടയായി യാത്ര ചെയ്യേണ്ടി വന്നതാണ് മരണത്തിലേക്ക് നയിച്ച സങ്കീർണ്ണതകൾക്ക് കാരണമായത്.
റോഡ് സൗകര്യങ്ങളോ ആരോഗ്യ കേന്ദ്രങ്ങളോ ഇല്ലാത്ത ഉൾഗ്രാമത്തിലാണ് ആശ താമസിച്ചിരുന്നത്. പ്രസവസമയത്ത് സഹായത്തിനായി കാടുപിടിച്ച വഴികളിലൂടെ ആറ് കിലോമീറ്റർ നടന്നാണ് ഇവർ സഹോദരിയുടെ വീട്ടിലെത്തിയത്.ജനുവരി രണ്ടിന് പുലർച്ചെ ശക്തമായ പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവരെ ഹെദ്രിയിലെ കാളി അമ്മാൾ ആശുപത്രിയിൽ എത്തിച്ചു. അടിയന്തര സിസേറിയൻ നടത്തിയെങ്കിലും ഗർഭസ്ഥ ശിശു നേരത്തെ മരിച്ചിരുന്നു.
പ്രസവത്തിന് പിന്നാലെ ആശയുടെ രക്തസമ്മർദ്ദം അപകടകരമായി ഉയരുകയും (High BP) അൽപ്പസമയത്തിനകം മരണം സംഭവിക്കുകയുമായിരുന്നു.ഗർഭാവസ്ഥയുടെ ഒൻപതാം മാസത്തിൽ ആറ് കിലോമീറ്ററോളം നടന്നത് ആശയുടെ ശരീരത്തെ ഗുരുതരമായി ബാധിച്ചുവെന്ന് ഗഡ്ചിറോളി ജില്ലാ ആരോഗ്യ ഓഫീസർ ഡോ. പ്രതാപ് ഷിൻഡെ പറഞ്ഞു. അമിതമായ ശാരീരിക അധ്വാനം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ഇന്നും നിലനിൽക്കുന്ന ആരോഗ്യ-യാത്രാ സൗകര്യങ്ങളുടെ കുറവ് ഈ സംഭവത്തോടെ വീണ്ടും ചർച്ചയാവുകയാണ്.