ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപണം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. ദേശീയ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ നല്‍കിയ ലേഖനത്തിലാണ് രാഹുല്‍ ഗാന്ധി ക്രമക്കേട് ആരോപണം ഉന്നയിച്ചത്. ജനാധിപത്യത്തില്‍ കൃത്രിമം കാണിക്കുന്നതിന്റെ രൂപരേഖയാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്. 5 ഘട്ടങ്ങളായിട്ടാണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് അട്ടിമറി നടത്തിയത്. ഇത്തരം തട്ടിപ്പുകൾ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി ഇനിയും ആവർത്തിക്കുമെന്നും രാഹുൽഗാന്ധി ചൂണ്ടിക്കാട്ടുന്നു.
ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിലും ബിജെപി ഈ ക്രമക്കേട് ആവര്‍ത്തിക്കും. 2024 ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ കബളിപ്പിക്കാനുള്ള ഒരു രൂപരേഖയായിരുന്നുവെന്നും രാഹുൽ എക്‌സില്‍ കുറിച്ചു. ദേശീയ മാധ്യമത്തിന് നല്‍കിയ ലേഖനത്തില്‍ ഘട്ടംഘട്ടമായി ഈ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു,
"തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതില്‍ കൃത്രിമം കാണിക്കുന്നത് മുതല്‍ വോട്ടര്‍ പട്ടികയില്‍ വ്യാജ വോട്ടര്‍മാരെ ചേര്‍ക്കുന്നതുവരെ ഉള്‍പ്പെടുന്നതാണ് ഈ ക്രമക്കേട്. അടുത്ത ഘട്ടത്തില്‍ വോട്ടര്‍മാരുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്നു. ബിജെപിക്ക് വിജയിക്കേണ്ട ഇടത്ത് കള്ളവോട്ട് ചെയ്യുന്നു. ശേഷം അതിന്റെ തെളിവുകള്‍ മറച്ചുവെക്കുകയാണ്. ഇങ്ങനെയാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത്. ബിഹാര്‍ തെരഞ്ഞെടുപ്പിലും ഇതു തന്നെയാണ് ആവര്‍ത്തിക്കുക." രാഹുൽ വ്യക്തമാക്കി.
"ഈ തെരഞ്ഞെടുപ്പ് അട്ടിമറി വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുകയാണെന്ന ഭയമുണ്ട്. കായികരംഗത്തെ ഒത്തുക്കളിക്ക് സമാനമായ മാച്ച് ഫിക്‌സിങ്ങാണ് ഇവിടെയും നടക്കുന്നത്. ഒത്തുക്കളി നടത്തുമ്പോള്‍ ഒരു കളിയില്‍ ജയിച്ചേക്കാം എന്നാല്‍ അത് ജനങ്ങളുടെ വിശ്വാസത്തെ തിരിച്ചുപിടിക്കാന്‍ സാധിക്കാത്ത വിധം നശിപ്പിക്കും. ഇത്തരം തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യത്തെ നശിപ്പിക്കും." - രാഹുൽ ലേഖനത്തില്‍ പറയുന്നു.