ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിയമവിരുദ്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. വസ്തുതകള്‍ വ്യക്തമാക്കി കോണ്‍ഗ്രസിന് മുമ്പും മറുപടി നല്‍കിയതാണ്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലും ലഭ്യമാണ്. എന്നാല്‍ വീണ്ടും വീണ്ടും ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഈ വസ്തുതകളെല്ലാം പൂര്‍ണ്ണമായും അവഗണിക്കപ്പെടുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപിച്ചു.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവാണെന്നും വോട്ടര്‍മാരില്‍ നിന്ന് അനുകൂല വിധി ലഭിക്കാത്തപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിട്ടുവീഴ്ച ചെയ്തുവെന്ന ആരോപണങ്ങള്‍ അസംബന്ധമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സുതാര്യതക്കായി പ്രവര്‍ത്തിക്കുന്നവരെ നിരാശപ്പെടുത്തുന്ന നടപടിയാണ് രാഹുല്‍ഗാന്ധിയുടേതെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയും രംഗത്തെത്തി. രാഹുലിന് പരാജയ ഭീതിയാണ്. രാഹുല്‍ തെറ്റായ പ്രചാരണം നടത്തുകയാണ്, ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം ഉറപ്പിച്ചെന്നാണ് ഇപ്പോഴത്തെ ആരോപണം വ്യക്തമാക്കുന്നതെന്നും ജെ.പി നഡ്ഡ ആരോപിച്ചു.