
മഹാരാഷ്ട്ര : മുംബ്ര റെയിൽവേ സ്റ്റേഷന് സമീപമുണ്ടായ അപകടത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്(Mumbra train accident). തിങ്കളാഴ്ചയാണ് മുംബ്ര റെയിൽവേ സ്റ്റേഷന് സമീപം ലോക്കൽ ട്രെയിനിൽ നിന്നും വീണ് 6 പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
സംഭവത്തിൽ അനുശോചനം രേഖപെടുത്തിയ മുഖ്യമന്ത്രി തിരക്കേറിയ സമയങ്ങളിൽ ലോക്കൽ ട്രെയിനുകളിലെ അവസ്ഥ വിലയിരുത്തി. ട്രെയിനുകൾക്ക് വാതിലുകൾ ഇല്ലാത്തതിനാൽ അപകട സാധ്യത കൂടുതലാണെന്ന് റെയിൽവേ മന്ത്രി പറഞ്ഞതായും അതിനാൽ, ട്രെയിനുകളിൽ വാതിലുകൾ സ്ഥാപിക്കാനുള്ള തീരുമാനങ്ങൾ വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ട്രെയിനുകൾക്ക് വാതിലുകൾ ഇല്ലാത്തതിനാൽ അപകട സാധ്യത കൂടുതലാണെന്ന് നമ്മുടെ റെയിൽവേ മന്ത്രി ഊന്നിപ്പറഞ്ഞിട്ടുണ്ട്. അതിനാൽ, അത്തരം ട്രെയിനുകളിൽ വാതിലുകൾ സ്ഥാപിക്കാൻ അദ്ദേഹം പ്രവർത്തിക്കും. വെന്റിലേഷനും ശ്രദ്ധിക്കും. മുംബൈയിലെ സബർബൻ മേഖലയിലേക്ക് എസി ട്രെയിനുകൾ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്." - മുഖ്യമന്ത്രി ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.