

വിനോദസഞ്ചാരികളുടെ പറുദീസയാണ് ഗോവ. എന്നാൽ ശാന്തമായ ഗോവയുടെ തീരങ്ങൾ ഭീതിയോടെ ഉരുവിട്ട് ഒരു പേരുണ്ടായിരുന്നു. പതിനഞ്ച് വർഷത്തോളം ഭീതിയുടെ പര്യായമായി മാറിയ മഹാനന്ദ് നായിക് (Mahanand Naik). 1994 മുതൽ 2009 വരെ, സാമ്പത്തികമായും സാമൂഹികമായും നിസ്സഹായരായ സ്ത്രീകളെ വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കുന്നു. ഇരകളുടെ സ്വർണ്ണാഭരണങ്ങൾ കവർന്നെടുക്കുകയും, ശേഷം അതിക്രൂരമായി അവരെ കൊലപ്പെടുത്തുകയും ചെയ്ത അതിക്രൂരമായ കൊലയാളി. മഹാനന്ദ് നായിക് എന്ന പേരിനേക്കാൾ കുപ്രസിദ്ധി നേടിയത് അയാൾക്ക് പൊതുസമൂഹം നൽകിയ വിളിപ്പേരായിരുന്നു - “ദുപ്പട്ട കില്ലർ.” ഇരകളുടെ പക്കലുള്ള വിലപിടിപ്പുള്ളതെല്ലാം കവർന്നെടുത്ത ശേഷം അവരുടെ തന്നെ ദുപ്പട്ട (ഷോൾ) ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുത്തുന്നു. സാധാരണ ഓട്ടോ ഡ്രൈവറായിരുന്ന മഹാനന്ദ് ദുപ്പട്ട കില്ലറായി മാറിയ കഥ തീർത്തും അസ്വസ്ഥ ജനകമാണ്.
ഗോവയിലെ ഷിരോദ എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്ന മഹാനന്ദ് ഒരു ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം. നാട്ടുകാർക്ക് അയാൾ നല്ലൊരു ഭർത്താവും അച്ഛനുമായിരുന്നു, എന്നാൽ ആരും കാണാത്ത, ആരും കേൾക്കാത്ത, ഒരു ഇരുണ്ട മുഖം ആ മനുഷ്യനുണ്ടായിരുന്നു. ഇരുപത്തിയഞ്ചാം വയസ്സിലാണ് മഹാനന്ദ് തന്റെ ആദ്യ ഇരയെ കൊലപ്പെടുത്തുന്നത്. 1994-ൽ ഖന്ദേപ്പറിൽ 30 വയസ്സുള്ള ഒരു സ്ത്രീയായിരുന്നു ഇയാളുടെ ആദ്യത്തെ ഇര. എന്നാൽ ആദ്യ കൊലപാതകത്തിന് ശേഷം ഏറെ നാൾ മഹാനന്ദ് തീർത്തും ഒറ്റപ്പെട്ട് മറ്റാരുടെയും കണ്ണിൽപെടാതെയായിരുന്നു ജീവിച്ചത്. 2004 ലോടെ വീണ്ടും അയാൾ സ്ത്രീകളെ തേടിയിറങ്ങി.
ആക്രമണമോ ഭീഷണിയോ അല്ലായിരുന്നു അയാളുടെ ആയുധം, മറിച്ച് വിശ്വാസമായിരുന്നു. സാധാരണ കുടുംബത്തിലെ സ്ത്രീകളെ മാത്രമായിരുന്നു അയാൾ തേടിപ്പിടിച്ച് വേട്ടയാടിയത്. യുവതികളോട് സൗഹൃദം കാട്ടി, “ നമ്മുക്ക് വിവാഹം കഴിക്കാം”, “ഞാൻ നിന്നെ സാമ്പത്തികമായി സഹായിക്കാം” എന്നവണ്ണം മധുരവാക്കുകൾ പറഞ്ഞ് അവരെ കുടുക്കുകയായിരുന്നു. പലരെയും വിവാഹം കഴിക്കാം എന്ന വാഗ്ദാനം നൽകിയായിരുന്നു അയാൾ കെണിയിൽ കുടുക്കിയിരുന്നത്. വിവാഹ പ്രായം കഴിഞ്ഞ സ്ത്രീ മഹാനന്ദന്റെ വാക്കുകൾ അപ്പാടെ വിശ്വസിക്കുന്നു. പതിനെട്ടു കഴിയാൻ വേണ്ടി പോലും കാത്തു നിൽക്കാതെ സ്ത്രീകളെ കല്യാണം കഴിപ്പിച്ചു വിടുന്ന കാലമായിരുന്നു അത്. അതിനാൽ തന്നെ പല സ്ത്രീകളും നല്ലൊരു വിവാഹ ജീവിതം സ്വപ്നം കണ്ട് മഹാനന്ദിന്റെ കൂടെ പോകാൻ തീരുമാനിക്കുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ നായിക്, സ്വയം ഒരു സമ്പന്നനായ ബിസിനസുകാരനായോ നല്ല ജോലിയുള്ളയാളായോ ആണ് ഇരകൾക്ക് മുന്നിൽ അവതരിപ്പിച്ചത്. വീട്ടുജോലിക്കാർ, തയ്യൽക്കാർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട 20 നും 35 നും ഇടയിൽ പ്രായമുള്ളവരായിരുന്നു ഇയാളുടെ ഇരകളിൽ ഭൂരിഭാഗവും.
താൻ വിരിച്ച വലയിൽ ഇരകൾ കുടുങ്ങി എന്ന് മനസ്സിലായാൽ മഹാനന്ദ് സ്ത്രീകളോട് നല്ല വസ്ത്രവും, കൈവശമുള്ള വില കൂടിയ സ്വർണ്ണാഭരണങ്ങളും ധരിച്ച് കൊണ്ട് വിവാഹത്തിനായി ഒരുങ്ങി വരുവാൻ ആവശ്യപ്പെടുന്നു. ഇയാളുടെ വാക്കുക്കൾ വിശ്വസിച്ച് ആ സാധുസ്ത്രീകൾ നല്ല വസ്ത്രങ്ങൾ അണിഞ്ഞ, സ്വർണ്ണാഭരണങ്ങൾ എല്ലാം ധരിച്ച് അയാൾ മുൻകൂട്ടി പറഞ്ഞ സ്ഥലത്ത് എത്തുന്നു. ഇങ്ങനെ സ്ത്രീകളെ മഹാനന്ദ് വിളിച്ചു വരുത്തുന്നത്, ആളൊഴിഞ്ഞ പ്രദേശത്തേക്കാകും. അതൊന്നും വകവെക്കാതെ സ്ത്രീകളും അതെ സ്ഥലത്ത് എത്തുന്നു.
സ്ത്രീകളെ തനിച്ചു കിട്ടിയാൽ പിന്നെ പറയണ്ടല്ലോ, ഇരകളുടെ ഷോളോ, സാരിയുടെ തുമ്പോ കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നു. ശേഷം, ഇരകളുടെ ശരീരത്തിലെ വിലപിടിപ്പുള്ള എല്ലാ സ്വർണ്ണാഭരണങ്ങളും കവരുന്നു. ചില കേസുകളിൽ ലൈംഗികമായി പീഡിപ്പിച്ചതായും ആരോപണങ്ങളുണ്ടായിരുന്നു. കൊലപാതകം നടന്ന ശേഷം സ്വർണ്ണവും പണവും കവർന്ന്, മൃതദേഹം കുറ്റിക്കാടുകളിൽ ഒളിപ്പിച്ച ശേഷം ഇയാൾ രക്ഷപ്പെട്ടു. കവർന്ന സ്വർണ്ണം "കുടുംബത്തിലെ അസുഖം" പോലുള്ള കള്ളങ്ങൾ പറഞ്ഞ് പ്രാദേശിക സ്വർണ്ണക്കടകളിൽ വിറ്റ് പണമാക്കി.
അങ്ങനെ 15 വർഷത്തോളം മഹാനന്ദ് പിടിക്കപ്പെടാതെ നടന്നു. ഇതിന് കാരണം, ഇരകൾ ദരിദ്ര വിഭാഗത്തിൽപ്പെട്ടവരായിരുന്നതിനാൽ അവരുടെ തിരോധാനങ്ങൾ പലപ്പോഴും ആത്മഹത്യകളായോ, ഒളിച്ചോട്ടമായോ കണക്കാക്കി പോലീസ് ഗൗരവമായ അന്വേഷണം നടത്താൻ തയ്യാറായില്ല എന്നതാണ്. ആത്മഹത്യ എന്ന് പോലീസും വീട്ടുകാരും ഒരു പോലെ തള്ളി കളഞ്ഞ കേസുകളും ഏറെയാണ്. 1994 നും 2009 നും ഇടയിൽ അയാൾ 16 മുതൽ 18 വരെ സ്ത്രീകളെ കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ദുപ്പട്ട കൊലയാളിയെ പിടികൂടുമ്പോൾ
2009-ൽ നടന്ന ഒരു കേസിൽ മഹാനന്ദ് പിടിയിലായതോടെയാണ് ഗോവയുടെ ഈ ഇരുണ്ട രഹസ്യം വെളിച്ചത്തിൽ വരുന്നത്. 2009 ജനുവരിയിൽ യോഗിത നായിക് എന്ന യുവതിയുടെ തിരോധാനമാണ് കേസിന് വഴിത്തിരിവായത്. യോഗിതയുടെ മൃതദേഹം കണ്ടെത്തിയ ശേഷം, അവളുടെ ഫോൺ രേഖകൾ പിന്തുടർന്ന പോലീസ് മഹാനന്ദ് നായിക്കിലേക്ക് എത്തുന്നു. അങ്ങനെ പിടിയിലായ മഹാനന്ദ് നാളിതുവരെ ചെയ്ത എല്ലാം തുറന്നു പറയുന്നു. ഒടുവിൽ അറസ്റ്റിലായ മഹാനന്ദ് ചോദ്യം ചെയ്യലിൽ കൊലപാതക പരമ്പരകളെക്കുറിച്ച് വെളിപ്പെടുത്തുകയും ഇരകളുടെ മൃതദേഹങ്ങൾ മറവുചെയ്ത സ്ഥലങ്ങൾ പോലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു.
വിചാരണയും ശിക്ഷാവിധിയും
മഹാനന്ദ് നായികിന്റെ വിചാരണ നീതിന്യായ വ്യവസ്ഥയുടെ പോരായ്മകളെക്കുറിച്ച് വലിയ ചർച്ചയ്ക്ക് വഴിവച്ചു. 16-ഓളം കൊലപാതകങ്ങൾ ഇയാൾ സമ്മതിച്ചെങ്കിലും, തെളിവുകളുടെ അഭാവം മൂലം പല കേസുകളിലും ഇയാളെ കോടതി വെറുതെവിട്ടു. ശക്തമായ തെളിവുകളോടെ, ഒന്നിലധികം കൊലപാതക കേസുകളിൽ മഹാനന്ദ് നായിക്കിനെ ജീവപര്യന്തം തടവിന് ഗോവ കോടതി ശിക്ഷിച്ചു. നിലവിൽ അദ്ദേഹം ഗോവയിലെ കോൾവാലെ സെൻട്രൽ ജയിലിലാണ്.
മഹാനന്ദ് നായിക്കിന് താൽക്കാലിക പരോൾ ലഭിച്ച വാർത്തകൾ പുറത്തുവരുമ്പോഴും, അദ്ദേഹത്തിന്റെ ക്രൂരമായ പ്രവൃത്തികൾ ഗോവയിലെ ജനങ്ങളെ വേട്ടയാടുന്നത് തുടരുന്നു, ഇരകളുടെ കുടുംബങ്ങളിൽ ഭയം ജനിപ്പിക്കുന്നു.
Summary: Mahanand Naik, infamously known as the “Dupatta Killer,” was one of Goa’s most terrifying serial killers. Between 1994 and 2009, he lured vulnerable women with false promises of marriage, stole their jewelry, and strangled them with their own dupattas.