
തിരമാലകൾ കരയോട് കഥകൾ പറയുന്ന ബീച്ചുകളാൽ സമ്പന്നമാണ് ഗോവ. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായിട്ട് പോലും ഇവിടേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഒട്ടും പഞ്ഞമില്ല. ഉല്ലാസയാത്രകൾക്ക് മാത്രമല്ല തീർത്ഥാടനകൾക്കും ഗോവ പ്രസിദ്ധമാണ്. എന്നാൽ ഇന്നും പുറംലോകത്തിന്റെ ശ്രദ്ധ അധികം ഒന്നും ആകർഷിക്കാതെ ഒട്ടനവധി ഇടങ്ങൾ ഇവിടെയുണ്ട്. അത്തരത്തിൽ ചരിത്ര പ്രധാന്യം ഏറെയുള്ള ഒരു ക്ഷേത്രമുണ്ട് ഗോവയിൽ. നഗരത്തിന്റെ തിരക്കുകളിൽ നിന്നൊക്കെ മാറി ശാന്തവും അനന്തവുമായ ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിൽ സ്ഥിതിചെയ്യുന്ന ടാംബ്ഡി സുർല മഹാദേവ ക്ഷേത്രം (Mahadev Temple at Tambdi Surla).
ഗോവയിലെ ഏറ്റവും പഴക്കം ചെന്ന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് മഹാദേവ ക്ഷേത്രം. ഗോവയിലെ പോർച്ചുഗീസ് കാലഘട്ടത്തിന് മുമ്പുള്ള ഏക ക്ഷേത്രമാണ് ഇത്. ഗോവയുടെ തലസ്ഥാനമായ പനജിയിൽ നിന്ന് 65 കിലോമീറ്റർ അകലെയാണ് ക്ഷേത്രത്തിന്റെ സ്ഥാനം. പന്ത്രണ്ടാം നൂറ്റാണ്ടിൽ കറുത്ത ബസാൾട്ടിൽ കദംബ-യാദവ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം ഗോവയിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ്. ജൈനമതസ്ഥരുടെ രീതിയിലാണ് ക്ഷേത്ര നിർമ്മിച്ചിരിക്കുന്നത്. കദംബ രാജവംശത്തിന്റെ കാലത്ത് പതിമൂന്നാം നൂറ്റാണ്ടിലാണ് ക്ഷേത്രം പണിയുന്നത്. ക്ഷേത്രം വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്നത് കൊണ്ട് തന്നെ കാട്ടിലൂടെയാണ് ക്ഷേത്രത്തിലേക്കുള്ള യാത്ര. പശ്ചിമഘട്ടത്തിന്റെ പച്ചപ്പിലൂടെ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ സാധിക്കും.
വന മേഖലയായത്ത് കൊണ്ട് തന്നെ ക്ഷേത്രത്തിലേക്കുള്ള യാത്ര അല്പം ദുസ്സഹമാണ്. കഠിനതകൾ താണ്ടി ക്ഷേത്രസമുച്ചയത്തിന് മുന്നിൽ എത്തിയാൽ വിശ്വാസികളെ കാത്തിരിക്കുന്നത് കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ്മയേകുന്ന കാഴ്ചയാണ്. ഇടതൂർന്ന വനത്തിന്റെ ഒത്തനടുവിലായി ശിവക്ഷേത്രം, അതിമനോഹരമായ കാഴ്ചയാണ് ഭക്തർക്ക് സമ്മാനിക്കുന്നത്. ഡെക്കാന്‍ പ്ലേറ്റുകളില്‍ നിന്നും കൊണ്ടുവന്ന ബസാള്‍ട്ട് കല്ലുകളില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം ഇന്ന് ഗോവയില്‍ അവശേഷിക്കുന്ന ഏക ഗാദംബ നിര്‍മ്മിതി കൂടിയാണ്. മുസ്ലീം ഭരണാധികാരികളുടെയും പോർച്ചുഗീസ് കൊളോണിയൽ ഭരണത്തിന്റെയും കിഴിൽ ഗോവയിൽ ഉടനീളം നിരവധി ഹൈന്ദവ ക്ഷേത്രങ്ങൾ തച്ചുടച്ചിരുന്നു. എന്നാൽ ഉൾക്കാട്ടിൽ സ്ഥിതിചെയ്യുന്നത് കൊണ്ട് തന്നെ അധികം ആരുടെയും കണ്ണിൽപ്പെടാതെ ക്ഷേത്രം നിലകൊണ്ടു, അതുകൊണ്ടു തന്നെയാണ് ഗോവയില്‍ അവശേഷിക്കുന്ന ഏക ഗാദംബ നിര്‍മ്മിതി എന്ന് ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുവാൻ കാരണം.
ക്ഷേത്രം കാഴ്ച്ചയിൽ ചെറുതാണെകിലും അതിമനോഹരമാണ് ക്ഷേത്രത്തിലെ ഉൾകാഴ്ചകൾ. ഗർഭഗൃഹം, അന്തരളം, നാലു തൂണുകൾക്ക് നടുവിലായി സ്ഥിതിചെയ്യുന്ന നന്ദി മണ്ഡപം. ശിരസില്ലാത്ത നന്ദി വിഗ്രഹമാണ് നന്ദിമണ്ഡപത്തിലേത്ത്. അഷ്ടഭുജാകൃതിയിലുള്ള നന്ദിമണ്ഡപത്തിലെ കൊത്തുപണികൾ ഏറെ സങ്കിർണമാണ്. ക്ഷേത്രസമുച്ചയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത ക്ഷേത്രത്തിലെ കൊത്തുപണികൾ തന്നെയാണ്. ഹൈന്ദവ പുരാണങ്ങളിലെ ദേവതകളുടെ കൊത്തുപണികളാണ് ഇവയിൽ പ്രധാനം. പ്രഭാതത്തിന്റെ ആദ്യ കിരണങ്ങൾ ശ്രീകോവിലിനുള്ളിലെ ശിവലിംഗത്തെ പ്രകാശിപ്പിക്കുന്ന തരത്തിൽ കിഴക്കോട്ട് ദർശനമായാണ് ക്ഷേത്ര സ്ഥാനം.
ക്ഷേത്രത്തെ ചുറ്റി പ്രചരിക്കുന്ന ഏറെ പ്രശസ്തമായ ഒരു കഥയുണ്ട്. ശ്രീകോവിലിനുള്ളിലെ ശിവലിംഗത്തിനടുത്ത് വലിയ സര്‍പ്പം കാവലിരിക്കുന്നുണ്ട് അത്രേ. ശിവലിംഗത്തെ സംരക്ഷിക്കുവാനാണ് സർപ്പം ശ്രീകോവിലിൽ നിലകൊള്ളുന്നത് എന്നാണ് വിശ്വാസം. രാവിലെ മംഗള ആരതി, വൈകുന്നേരം ശേജ് ആരതി എന്നിവയുൾപ്പെടെയുള്ള പരമ്പരാഗത ശൈവ ആചാരങ്ങൾ പിന്തുടരുന്ന ദൈനംദിന ആചാരങ്ങളാണ് ക്ഷേത്രത്തിലേത്ത്. വന്യതയും ഭക്തിയും ഒരു പോലെ ലയിച്ചുചേരുന്ന ക്ഷേത്രമാണ് സുർല മഹാദേവ ക്ഷേത്രം. പശ്ചിമഘട്ടത്തിന്റെ മനോഹാരിതയും, ക്ഷേത്രത്തിലെ ആത്മീയ ചൈതന്യവും വാസ്തുവിദ്യാ പ്രാവീണ്യവും ചേർന്ന ഒരു പുത്തൻ അനുഭൂതിയാണ് ക്ഷേത്രം ഭക്തർക്ക് പ്രദാനം ചെയുന്നത്. നൂറ്റാണ്ടുകളുടെ പെരുമയും പേറി നിലകൊള്ളുന്ന ഈ ക്ഷേത്രം ഭക്തിയുടെഎയും സഹിഷ്ണുതയുടെയും ശക്തമായ ഓർമ്മപ്പെടുത്തലാണ്.
Summary: The Mahadev Temple at Tambdi Surla is the oldest surviving Shiva temple in Goa, built in the 12th century. Nestled deep within the Bhagwan Mahaveer Wildlife Sanctuary, it survived invasions and Portuguese rule due to its hidden forest location. The temple is renowned for its intricate carvings, headless Nandi idol, and the legend of a serpent guarding the Shiva Linga.