
ബുദ്ധമതം, ലോകത്തിലെ പ്രധാനമായ മതവിശ്വാസങ്ങളിൽ ഒന്ന്. ബുദ്ധന്റെ ജീവിതവും ഉപദേശങ്ങളും ആസ്പദമാക്കിയുള്ള വിശ്വാസമാണ് ബുദ്ധ മതം. അഹിംസ, സമത്വം, സഹിഷ്ണുത, ധ്യാനം എന്നിവയുടെ ആമുഖമായി ഈ മതം മാറിയിട്ടുണ്ട്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മതമാണ് ബുദ്ധമതം. ബുദ്ധനെ ആരാധിക്കുന്നതിനായി ലോകമെമ്പാടും പ്രശസ്തമായ നിരവധി ആരാധനാലയങ്ങളുണ്ട്. ഇവയിൽ ഏറെ പ്രശസ്തമാണ് മഹാബോധി ക്ഷേത്രം.
ബിഹാറിലെ ബോധ്‌ഗയയിൽ സ്ഥിതി ചെയ്യുന്ന മഹാബോധി ക്ഷേത്രം (Mahabodhi Temple) ശ്രീബുദ്ധന്റെ ജീവിതത്തിൽ നിർണായകമായ ഘട്ടമായ ജ്ഞാനോദയം ഉണ്ടായ സ്ഥലമാണെന്ന് അറിയപ്പെടുന്നു. സിദ്ധാർത്ഥൻ എന്ന യുവരാജാവായി തുടങ്ങിയ അദ്ദേഹത്തിന്റെ ജീവിതം, ബോധ്‌ഗയയിലെ ആൽമരത്തിന്റെ ചുവടിൽ മൂന്ന് പകലും മൂന്ന് രാത്രിയും നിരന്തരമായി ധ്യാനിച്ചതിന് ശേഷം ബുദ്ധനായി മാറുകയായിരുന്നു. ധ്യാനത്തിലൂടെ മനുഷ്യന്റെ ആന്തരിക പരിവർത്തനം സാധ്യമാണ് എന്ന സന്ദേശം നൽകിയാണ് ബുദ്ധൻ ലോകം മുഴുവൻ പ്രശസ്തനായത്.
ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബുദ്ധമത വിശ്വാസികളും സഞ്ചാരികളും ഈ ക്ഷേത്രത്തിലേക്ക് എത്തുന്നു. ധ്യാനം മനുഷ്യന് നൽകുന്ന മാറ്റങ്ങളെ കുറിച്ച് മാനവലോകത്തിന് വെളിച്ചം പകർന്ന ദിവ്യനാണ് ശ്രീബുദ്ധൻ. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഇന്നും ലോകത്തിന്റെ പല കോണിൽ നിന്നുമുള്ള വിശ്വാസികൾ ശ്രീബുദ്ധ ചൈതന്യം അനുഭവിച്ചറിയാൻ ഇങ്ങോട്ടേക്ക് എത്തുന്നു.
2002-ൽ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ മഹാബോധി ക്ഷേത്രം അതിന്റെ അതുല്യമായ ശില്പകലയാലും വാസ്തുവിദ്യാ ശൈലിയിലും ആരെയും ആകർഷിക്കുന്നു. ക്ഷേത്രത്തിന്റെ മദ്യഗോപുരം ഏകദേശം 55 മീറ്റർ ഉയരത്തിലാണ്, അതിന്റെ മൊത്തം ഉയരം 180 അടിയോളം വരുന്നു. ക്ഷേത്രവും ചുറ്റിയുള്ള ആൽമരവും മറ്റ് വിഗ്രഹങ്ങളും സംരക്ഷിക്കപ്പെട്ട നിലയിലാണ്. ക്ഷേത്രത്തിലെ പുരാതന വിഗ്രഹങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധന ആകർഷണവും അലങ്കാരവും. പതിനൊന്നാം നൂറ്റാണ്ടിലായിരിക്കും മഹാബോധി ക്ഷേത്രത്തിന്റെ ആധുനിക രൂപം പുനരുദ്ധരിച്ചത്. നാലു ഗോപുരങ്ങൾക്ക് നാടുവിലായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബോധി വൃക്ഷം (ബുദ്ധന്‍ ജ്ഞാനോദയം നേടിയ ആല്‍മരത്തിന്റെ പിന്‍ഗാമി), താമരക്കുളം, നിരവധി പുരാതന സ്തൂപങ്ങള്‍ എന്നിവ ക്ഷേത്രത്തിൽ കാണുവാൻ സാധിക്കുന്നതാണ്. ഗൗതമ ബുദ്ധന്റെ 80 അടി നീളമുള്ള ശില്‍പവും ഗ്രാനൈറ്റ് ചിത്രവും ബോധഗയയിലെ ശ്രദ്ധേയമായ ആകര്‍ഷണമാണ്.
ബുദ്ധന്റെ ജ്ഞാനോദയസൂചകമായി പണിത ഈ ക്ഷേത്രത്തിന്റെ ചുമരുകൾക്ക് ഏകദേശം 11 മീറ്ററാണ് ഉയര൦ കൂടാതെ, വടക്കു നിന്നും തെക്കു നിന്നും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുവാനായി കവാടങ്ങൾ ഒരിക്കിയിട്ടുണ്ട്. കിഴക്ക് ദർശനം കഴിഞ്ഞു എത്തുന്നവർക്കായി ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തായി തന്നെ ദർശനത്തിനായി ഇരുവശത്തും ബുദ്ധ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. ധ്യാനത്തിനായി എത്തുന്ന ഭക്തർക്ക് വളരെ സമാധാന പൂർണമായ ഒരു അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കല്ലിൽ തീർത്ത ഈ അത്ഭുതങ്ങൾ തികച്ചും മനം കവരുന്നവയാണ്, ക്ഷേത്രത്തിലെ പല ശിലകളും ഇപ്പോൾ മ്യൂസിയത്തിലേക്ക് മാറ്റിയിരിക്കുന്നു. ശ്രീബുദ്ധന് വേണ്ടിയുള്ള ക്ഷേത്രമാണെങ്കിൽ പോലും ഈ ക്ഷേത്രത്തിന്റെ ഒരു രൂപാകൃതി എന്ന് പറയുന്നത് ഹൈന്ദവ അടിസ്ഥാനത്തിലുളള ക്ഷേത്രങ്ങളുമായി വളരെ സാമ്യമുള്ളതായാണ് പണിതിരിക്കുന്നത്.
സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്നത് ഏപ്രിൽ അവസങ്ങളിലോ അല്ലെങ്കിൽ മെയ് ആദ്യമോ ആയിരിക്കുo. വരുന്ന സഞ്ചാരികൾക്ക് ഇങ്ങോട്ടേക്കുള്ള പ്രവേശന സമയം ഏർപ്പെടുത്തിയിരിക്കുന്നത് രാവിലെ 5 മുതൽ രാത്രി 9 മണി വരെയാണ്. ക്ഷേത്ര ദർശനം സൗജന്യമാണെങ്കിലും, ധ്യാന കേന്ദ്രo സന്ദർശിക്കുന്നതിനു ചെറുയൊരു ഫീസ് ഈടാക്കുന്നുണ്ട്.കൂടാതെ എല്ലാ വിധ ഇലക്ട്രോണിക് വസ്തുകയും ധ്യാന കേന്ദ്രത്തിൽ കയറുന്നതിനു മുൻപ് കൗണ്ടറിൽ ഏൽപിക്കേണ്ടത് ആണ്.