മുംബൈ: നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം നടന്ന ബൃഹൺമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി-ഷിൻഡെ-അജിത് പവാർ സഖ്യത്തിന് തിളക്കമാർന്ന വിജയകുതിപ്പ്. ആകെയുള്ള 227 വാർഡുകളിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 114 എന്ന സംഖ്യ മഹായുതി സഖ്യം മറികടന്നു.(Maha Yuti wave in BMC, BJP alliance breaks Thackeray stronghold)
ബിജെപി 88 സീറ്റുകളിലും ഏക്നാഥ് ഷിൻഡെ വിഭാഗം ശിവസേന 28 സീറ്റുകളിലും വിജയിച്ചതോടെ സഖ്യം അധികാരം പിടിച്ചെടുത്തു. ശിവസേന (ഉദ്ധവ് താക്കറെ) ഒറ്റയ്ക്ക് 74 സീറ്റുകൾ നേടി ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും ഭരണം നിലനിർത്താനായില്ല. കനത്ത തിരിച്ചടി നേരിട്ട കോൺഗ്രസ് വെറും 8 സീറ്റുകളിലൊതുങ്ങി. രാജ് താക്കറെയുടെ എംഎൻഎസ് 5 സീറ്റുകൾ നേടിയപ്പോൾ, അജിത് പവാർ-ശരദ് പവാർ എൻസിപി വിഭാഗങ്ങൾക്ക് മുംബൈയിൽ അക്കൗണ്ട് തുറക്കാനായില്ല.
മുംബൈയ്ക്ക് പുറമെ സംസ്ഥാനത്തെ 29 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി സഖ്യം വൻ മുന്നേറ്റമാണ് നടത്തിയത്. 14 കോർപ്പറേഷനുകളിൽ മഹായുതി സഖ്യം ഭരണമുറപ്പിച്ചപ്പോൾ 13 ഇടങ്ങളിൽ ഇന്ത്യ മുന്നണി (MVA) മുന്നിലാണ്.
2022-ൽ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് കൊവിഡ് പ്രതിസന്ധിയും വാർഡ് പുനർനിർണ്ണയ തർക്കങ്ങളും കാരണം നീണ്ടുപോവുകയായിരുന്നു. 52.94% പോളിംഗ് രേഖപ്പെടുത്തിയ ഈ തിരഞ്ഞെടുപ്പ് ഷിൻഡെ-ഉദ്ധവ് വിഭാഗങ്ങൾ തമ്മിലുള്ള യഥാർത്ഥ ശക്തിപരീക്ഷണമായാണ് വിലയിരുത്തപ്പെട്ടത്. 30 വർഷമായി മുംബൈ ഭരിച്ചിരുന്ന താക്കറെ കുടുംബത്തിന് ഈ തോൽവി വലിയ രാഷ്ട്രീയ തിരിച്ചടിയാണ്.