
മുവായിരത്തിയഞ്ഞൂറു വർഷങ്ങൾ പഴക്കമുള്ള മധുരയിലെ ദേവി ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ക്ഷേത്രങ്ങളുടെ നഗരമാണ് മധുര, ഇവിടേക്ക് പ്രതിദിനം ഒഴുകിയെത്തുന്ന ഭക്തർ നിരവധിയാണ്. എന്നാൽ, ഇവരിൽ ഭൂരിഭാഗം മനുഷ്യരും തേടിയെത്തുന്നത് മധുര മീനാക്ഷിയുടെ ദർശനത്തിനായാണ്. ലോക വിസ്മയം, അതാണ് മീനാക്ഷിയും മീനാക്ഷി കുടികൊള്ളുന്ന മധുര മീനാക്ഷി ക്ഷേത്രവും. ക്ഷേത്രത്തിന്റെ നിർമാണ രീതിയും, ദേവിയോടുള്ള കടുത്ത ആരാധനയുമാണ് ഭക്തരെ കൂടുതൽ ക്ഷേത്രവുമായി അടിപ്പിക്കുന്നത്. തമിഴ്നാട്ടിലെ വൈഗ നദിക്ക് തെക്കു ഭാഗത്തായാണ് മധുര മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരാശക്തി ശ്രീ പാർവ്വതിയെ 'മീനാക്ഷിയായും' ഭഗവാൻ ശ്രീ പരമശിവനെ "സുന്ദരേശ്വരനായും" ക്ഷേത്രത്തിൽ കുടിയിരിത്തിയിരിക്കുന്നു.
ക്ഷേത്രം നിർമിക്കപ്പെട്ടത് 1623 നും 1655 നും ഇടയിലാണെന്ന് കരുതപ്പെടുന്നു. എന്നിരുന്നാലും, 3000 വർഷങ്ങ്ൾക്ക് മുൻപാണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്നാണ് ഐതിഹ്യം. ക്ഷേത്രത്തിന്റെ നിർമാണ രീതി എടുത്ത് പറയേണ്ട ഒന്നാണ്. ക്ഷേത്ര സമുച്ചയത്തിന് ചുറ്റും 14 അലങ്കാര ഗോപുരങ്ങളാണ് ഉള്ളത്. 1599 ലാണ് ഗോപുരം നിർമ്മാണം പൂർത്തിയാകുന്നത്. ക്ഷേത്രത്തിന്റെ ആകെ ഉയരം 170 അടിയും (51.9 മീ), ക്ഷേത്രത്തിൽ ഏകദേശം 33000 ശിലകളൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ക്ഷേത്രത്തിന്റെ പ്രധാന ഭാഗത്ത് 32 സിംഹരൂപങ്ങളും, 8 വെള്ളാന രൂപങ്ങളും, 64 ശിവഗണങ്ങളുടെ രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. ശില്പ കലയുടെ ഉത്തമ ഉദാഹരണങ്ങളാണ് ഈ രൂപങ്ങൾ. ക്ഷേത്രത്തിലെ ഗോപുരങ്ങളിൽ തന്നെ ഏറ്റവും പഴക്കം ചെന്നത് കിഴക്കേ ഗോപുരമാണ്. വ്യത്യസ്തമായ നിലകൾ ഉൾകൊള്ളുന്ന ഗോപുരങ്ങളാണ് ഇവിടെ ഉള്ളത്. കല്ലിൽ തീർത്ത മനോഹരമായ നിർമ്മിതികളും ഇവിടത്തെ മറ്റൊരു പ്രതേകതയാണ്.
പ്രാചീന കാലം മുതൽക്കേയുള്ള തമിഴ് കൃതികളിൽ പോലും ക്ഷേത്രത്തെ കുറിച്ച് വളരെ ആധികാരികമായ പരാമർശിക്കുന്നുണ്ട്. 15 ഏക്കറിലായാണ് ക്ഷേത്രം നിലകൊള്ളുന്നത്. ക്ഷേത്രത്തിൽ എല്ലാ ദിവസങ്ങളിലും രാത്രിൽ നടക്കുന്ന ചടങ്ങുകൾക്ക് സവിശേഷതകൾ ഏറെയാണ്. മനോഹര നാമ മന്ത്രങ്ങളുടെ അകമ്പനിയോടെ പോകുന്ന പ്രദക്ഷണമാണ് ഇവയിൽ പ്രധാനം. വെള്ളിയാഴ്ച ദിവസം ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും ക്ഷേത്രത്തിൽ ചടങ്ങുകൾ നടക്കുന്നുണ്ട്. എല്ലാ വർഷവും ഏപ്രിൽ മാസങ്ങളിലായി അരങ്ങേറുന്ന മീനാക്ഷി ക്ഷേത്രത്തിലെ പ്രശസ്തമായ ഉത്സവമാണ് ചിത്തിര ഉത്സവം. സുന്ദരേശ്വരനും മീനാക്ഷിയും തമ്മിലുള്ള വിവാഹമാണ് ഈ ഉത്സവത്തിലെ പ്രധാന ചടങ്ങ്.
ക്ഷേത്ര ഐതിഹ്യം
ശ്രീ പർവ്വതിദേവിയുടെ മറ്റൊരു അവതാരമാണ് മധുരമീനാക്ഷി. മീനാക്ഷി എന്ന നാമത്തിന്റെ അർത്ഥം മൽസ്യക്കണ്ണുള്ളവൾ എന്നാണ്. വളരെ അപൂർവമായ ക്ഷേത്രമാണ് മധുരെമീനാക്ഷി ക്ഷേത്രം കാരണം ശ്രീ പാർവതിയെ പ്രധാന പ്രതിഷ്ഠയായി കുടിയിരിത്തിയിട്ടുള്ള ക്ഷേത്രങ്ങൽ വളരെ അപൂർവമാണ്. പാണ്ഡ്യരാജാവും അദ്ദേഹത്തിന്റെ പത്നിയായ ജഗദീശ്വരിയും ആദിപരാശക്തിയുടെ തികഞ്ഞ ഭക്തരായിരുന്നു. പുത്രകാമേഷ്ടി യാഗത്തിന്റെ ഫലമായി രണ്ടാം പാണ്ഡ്യരാജാവായ മാളവ്യധ്വജന്റെയും, ഭാര്യകാഞ്ചനമാലയുടെയും മകളായി സാക്ഷാൽ ആദിപരാശക്തി അവതരിച്ചു എന്നാണ് വിശ്വാസം. യാഗാഗ്നിയിൽ നിന്നും അതിസുന്ദരമായ രൂപത്തോടു കൂടി സംജാതയായ ഭഗവതിക്ക് മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിൽ പച്ച നിറവും മൂന്നു സ്തനങ്ങളും ഉണ്ടായിരുന്നു. ഈ പെൺകുട്ടിയെ ആൺകുട്ടിയെ പോലെ വളർത്തണം എന്നും സർവ്വ ശാസ്ത്രങ്ങളും ആയുധവിദ്യകളും അഭ്യസിപ്പിക്കണമെന്നും, ഭാവി വരനെ ദർശിക്കുന്ന നിമിഷം ഭഗവതിയുടെ മൂന്നാം സ്തനം അപ്രത്യക്ഷമാകും എന്നും അശരീരി കുട്ടിയുടെ ജനനസമയയത്ത് കേൾക്കുകയുണ്ടായി. രാജാവ് തന്റെ പുത്രിക്ക് തടാതകി എന്ന പേര് നൽകി. തടാതകിക്ക് 64 ശാസ്ത്രങ്ങളിലും സകല ആയുധവിദ്യകളിലും പാണ്ഡിത്യം നേടി. അസാധാരണമായ കഴിവുകളുള്ളവളും, യുദ്ധവേളയിൽ ശത്രുക്കളെ നിഷ്പ്രയാസം ദേവി മുട്ടുകുത്തിച്ചു. മദയാനയുടെ കൊമ്പിൽ ശത്രുക്കളെ കൊരുത്തിട്ട്, വിജയിച്ചു വന്ന വീരനായികയും ധർമ്മിഷ്ഠയുമായി ദേവി മാറി.
തടാതകി ദേവിക്ക് വിവാഹ പ്രായമടുത്ത വേളയിൽ മഹാദേവനെ കാണാൻ ഇടയാകുകയും, അങ്ങനെ തടാതകി ദേവിയുടെ മൂന്നാം സ്തനം അപ്രത്യക്ഷമാകുകയും ചെയ്തു. അതോടെ താൻ ശിവഭഗവാന്റെ പത്നിയാകേണ്ടവളാണെന്നും, ശ്രീ പാർവതിയുടെ അവതാരമായ മീനാക്ഷിയാണെന്നും ഭഗവതി തിരിച്ചറിഞ്ഞു. ശിവന്റെ കൂടെ മധുരൈയിൽ തിരിച്ചെത്തിയ മീനാക്ഷിയുടെ പട്ടാഭിഷേകവും തുടർന്ന് മീനാക്ഷി-സുന്ദരേശ്വര വിവാഹവും രാജാവ് നിശ്ചയിച്ചു. ഭഗവാൻ മഹാവിഷ്ണു ആണ് സഹോദരസ്ഥാനത്തു നിന്ന് ദേവിയുടെയും മഹാദേവന്റെയും വിവാഹം നടത്തിയത്. വിവാഹത്തിന് സർവ്വചരാചരങ്ങളും പങ്കെടുത്തു. വിവാഹവേളയിൽ ലക്ഷ്മിയും സരസ്വതിയും മീനാക്ഷിയുടെ ഇരുവശത്തുമായി നിലകൊണ്ടു, വിവാഹശേഷം രാജ്ഞിയായി അവരോധിക്കപ്പെട്ട മീനാക്ഷിയും സുന്ദരേശ്വരനും വർഷങ്ങളോളം മധുരൈ രാജ്യം ഭരിച്ചെന്നും, ഒടുവിൽ ഭക്തരെ അനുഗ്രഹിക്കുന്ന രൂപത്തിൽ മധുര ക്ഷേത്രത്തിൽ കുടിക്കൊള്ളുന്നുവെന്നുമാണ് ഐതിഹ്യം.
ക്ഷേത്രത്തിൽ എത്തുന്നവരെ പ്രധാനമായും ആകർഷിക്കുന്നത് ഇവിടയുള്ള ചിത്രകലകളാണ്, ധാരാളം കലാകാരന്മാരുടെ കലാസൃഷ്ട്ടികൾ കൊണ്ട് നിറഞ്ഞതാണ് മധുരൈ മീനാക്ഷി ക്ഷേത്രം. ദിവസേന 1500 ഓളം ഭക്തരാണ് മധുരൈ മീനാക്ഷിയുടെ ദർശനത്തിനായി വന്നു പോകുന്നത്. മധുര നഗരത്തിന്റെ മധ്യഭാഗത്തായി തന്നെ ക്ഷത്രം സ്ഥിതി ചെയുന്നതു കൊണ്ട് ഇങ്ങോട്ടേക്കുള്ള ഭക്തരുടെ യാത്ര വളരെ എളുപ്പമാണ്.