ചെന്നൈ : സർക്കാർ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട പരസ്യങ്ങളിൽ മുഖ്യമന്ത്രിയുടെ പേരോ ഫോട്ടോയോ ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സർക്കാരിനോട് നിർദ്ദേശിച്ചു. പൊതുജനങ്ങൾക്കായി ഫണ്ട് നൽകുന്ന സംരംഭങ്ങൾക്ക് പേര് നൽകിയതിൽ ഡിഎംകെ ഭരണകൂടത്തെ വിമർശിച്ചു.(Madras High Court restrains Tamil Nadu from naming schemes after MK Stalin)
മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ചിത്രവും 'ഉങ്കളുടൻ സ്റ്റാലിൻ' ('സ്റ്റാലിൻ വിത്ത് യു' ) എന്ന പേരും സർക്കാർ പദ്ധതികളിലും അവയുടെ പരസ്യങ്ങളിലും ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ എംപി സിവി ഷൺമുഖം സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പദ്ധതിക്ക് നിലവിലെ മുഖ്യമന്ത്രിയുടെ പേര് നൽകുന്നത് സുപ്രീം കോടതി വിധികളുടെയും 2014 ലെ സർക്കാർ പരസ്യ (ഉള്ളടക്ക നിയന്ത്രണ) മാർഗ്ഗനിർദ്ദേശങ്ങളുടെയും ലംഘനമാണെന്ന് ഹർജിക്കാരൻ വാദിച്ചു.
തമിഴ്‌നാട് സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ പി വിൽസൺ ഹർജി രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണെന്നും ഭരണകക്ഷിയുടെയും അതിന്റെ നേതൃത്വത്തിന്റെയും പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും വിശേഷിപ്പിച്ചു.