

ചെന്നൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. ആധുനികതയുടെ പേരിൽ യുവതലമുറ ഇത്തരം ബന്ധങ്ങളെ സ്വീകരിക്കുന്നുണ്ടെങ്കിലും ഇത് സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ ഗൗരവകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ലിവിങ് ഇൻ ബന്ധങ്ങൾ തകരുമ്പോൾ സ്ത്രീകൾ അനാഥരാക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കാൻ അവർക്ക് നിയമപരമായി 'ഭാര്യ' എന്ന പദവി നൽകണം. ഇത് അവർക്ക് അർഹമായ ജീവനാംശവും സംരക്ഷണവും ഉറപ്പാക്കാൻ സഹായിക്കും. ശാരീരിക ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് പുരുഷന്മാർ പിന്മാറുന്നത് അംഗീകരിക്കാനാവില്ല. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 69 പ്രകാരം ഇത് ക്രിമിനൽ കുറ്റമാണെന്ന് കോടതി ഓർമ്മിപ്പിച്ചു.
പുരാതന ഇന്ത്യൻ പാരമ്പര്യത്തിലെ ഗാന്ധർവ്വ വിവാഹത്തിന് സമാനമാണ് ഇന്നത്തെ ലിവിങ് ഇൻ ബന്ധങ്ങൾ എന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ ഇത്തരം ബന്ധങ്ങളിൽ പുരുഷന്മാർക്ക് നിയമപരമായ ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ബന്ധം വഷളാകുമ്പോൾ സ്ത്രീയുടെ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന പുരുഷന്മാരുടെ പ്രവണത നിന്ദ്യമാണെന്നും നിയമത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ അവർ തയ്യാറാകണമെന്നും ജസ്റ്റിസ് ശ്രീമതി വ്യക്തമാക്കി.
ലിവിങ് ഇൻ ബന്ധങ്ങളെ വെറും ഒരു കരാറായി കാണാതെ, സ്ത്രീകൾക്ക് ദാമ്പത്യ അവകാശങ്ങൾ നൽകണമെന്ന കോടതിയുടെ നിർദ്ദേശം ഈ മേഖലയിലെ നിയമനിർമ്മാണത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറന്നേക്കാം.