ഷിൻഡെയെ അപമാനിച്ചെന്ന കേസ്; കുനാല്‍ കമ്രയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി | Anticipatory bail to Kunal Kamra

ഏപ്രില്‍ ഏഴ് വരെയാണ് ജാമ്യം, അതുവരെ താരത്തെ അറസ്റ്റ് ചെയ്യരുത്
kamra
Published on

ചെന്നൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിന്‍ഡെയെ ആക്ഷേപിച്ചെന്ന കേസിൽ ഹാസ്യതാരം കുനാല്‍ കമ്രയ്ക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി. ഒരു പരിപാടിയിൽ ഹിന്ദി ഗാനമായ 'ദില്‍ തോ പാഗല്‍ ഹേ' യുടെ പാരഡി അവതരണത്തിലൂടെ ഏക്നാഥ് ഷിന്‍ഡെയെ കളിയാക്കുകയും ചതിയന്‍ എന്ന് പരാമര്‍ശിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് കുനാല്‍ കമ്രയുടെ പേരില്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കമ്ര മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

ഹർജി പരിഗണിച്ച കോടതി കുനാലിന് ഏപ്രില്‍ ഏഴ് വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. അതുവരെ താരത്തെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് സുന്ദര്‍ മോഹന്റെ ബെഞ്ച് വ്യക്തമാക്കി. ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ മഹാരാഷ്ട്ര കോടതിയെ സമീപിക്കാന്‍ സാധിക്കില്ലെന്നും കുനാല്‍ ഹർജിയിൽ പറഞ്ഞു. 2021 മുതല്‍ താന്‍ ചെന്നൈയിലേക്ക് താമസം മാറിയെന്നും അന്ന് മുതല്‍ തമിഴ്‌നാട്ടിൽ സ്ഥിര താമസക്കാരനാണെന്നും ഹർജിയിൽ കുനാൽ വ്യക്തമാക്കി. മുംബൈ പൊലീസിന്റെ അറസ്റ്റ് ഭയന്നാണ് ഹർജിയെന്നും കമ്ര പറഞ്ഞു.

ഷിന്‍ഡെയോടു മാപ്പു പറയാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ് അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും കുനാല്‍ അത് തള്ളിയിരുന്നു. താന്‍ ജനക്കൂട്ടത്തെ ഭയക്കുന്നില്ലെന്നും മാപ്പ് പറയില്ലെന്നും എക്സിലൂടെ കമ്ര പ്രതികരിച്ചിരുന്നു. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുംബൈയിലെ ഖാര്‍ പൊലീസ് രണ്ട് തവണ കുനാലിന് സമന്‍സ് അയച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com