

ഭോപ്പാൽ: വോട്ടർപട്ടിക സമഗ്ര പരിഷ്കരണത്തിന്റെ (SIR) ഭാഗമായി രാജ്യത്തുടനീളം പരിശോധനകൾ കർശനമാക്കിയപ്പോൾ മധ്യപ്രദേശിലെ ഒരു കുടുംബത്തിന് ലഭിച്ചത് നഷ്ടപ്പെട്ടുവെന്ന് കരുതിയ വലിയൊരു നിധിയാണ്. കാമുകിയുമായി 2003-ൽ വീടുവിട്ടിറങ്ങിയ വിനോദ് ഗൈരി എന്ന 45-കാരനെ 22 വർഷങ്ങൾക്ക് ശേഷം പോലീസ് കണ്ടെത്തി അമ്മയ്ക്ക് മുന്നിലെത്തിച്ചു.
പ്രണയവും ഒളിച്ചോട്ടവും
മധ്യപ്രദേശിലെ സ്വന്തം ഗ്രാമവാസിയായ പുഷ്പയുമായുള്ള പ്രണയം വീട്ടുകാർ എതിർത്തതിനെത്തുടർന്നാണ് 2003-ൽ വിനോദ് നാടുവിട്ടത്. രാജസ്ഥാനിലേക്ക് കടന്ന ഇരുവരും അവിടെ വിവാഹിതരായി ജീവിതം തുടങ്ങി. 15 വർഷത്തോളം വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനാവാതെ വന്നതോടെ അവർ പ്രതീക്ഷ കൈവിട്ടിരുന്നു. ഇതിനിടെ വിനോദ് രാജസ്ഥാനിലെ നാഗോർ ജില്ലയിൽ സ്വകാര്യ സ്കൂൾ പ്യൂണായി ജോലി നേടി അവിടെ സ്ഥിരതാമസമാക്കി.
വോട്ടർപട്ടിക വഴിത്തിരിവായി
രാജസ്ഥാനിലെ വോട്ടർപട്ടികയിൽ പേരുറപ്പിക്കാൻ മാതാപിതാക്കളുടെ ‘എപിക് നമ്പർ’ (EPIC) ആവശ്യമായി വന്നതാണ് വിനോദിനെ പഴയ നാട്ടിലേക്ക് തിരിഞ്ഞുനോക്കാൻ പ്രേരിപ്പിച്ചത്. ഇതിനായി വിനോദ് പഞ്ചായത്തുമായി ബന്ധപ്പെട്ടു. മകൻ പഞ്ചായത്തിൽ വിളിച്ച വിവരം ഗ്രാമമുഖ്യൻ വഴി മാതാവ് കനയ്യ ഭായ് അറിഞ്ഞു. ഉടൻ തന്നെ ഇവർ പോലീസിനെ സമീപിച്ച് മകനെ കണ്ടെത്താൻ സഹായം തേടി.
പോലീസിന്റെ ഇടപെടൽ
മൻഡ്‌സർ എസ്.പി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം നായ് അബാദി പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാനിലെ നാഗോറിൽ നിന്ന് വിനോദിനെ കണ്ടെത്തിയത്. 22 വർഷത്തിന് ശേഷം പ്രായമേറിയ മകനെയും മരുമകളെയും പേരക്കുട്ടികളെയും കണ്ടപ്പോൾ അമ്മ കനയ്യ ഭായ് വികാരാധീനയായി. വിനോദിന്റെ 21 വയസ്സുള്ള മകന്റെ വിവാഹം കഴിഞ്ഞിരുന്നു; മകൾക്ക് 16 വയസ്സുണ്ട്.
22 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഈ കുടുംബത്തെ ഒന്നിപ്പിച്ചതിന്റെ സന്തോഷത്തിലാണ് നായ് അബാദി പോലീസ്. മധ്യപ്രദേശ് പോലീസ് ഈ അപൂർവ്വമായ കൂടിച്ചേരലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.