രാജ്ഗഡ്: ഗുരുതരാവസ്ഥയിലായ മരുമകനെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടെ മർദ്ദനമേറ്റ് രക്തം വാർന്നിട്ടും അത് വകവെക്കാതെ യാത്ര തുടർന്ന് പിതാവ്. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സിനിമയെ വെല്ലുന്ന അതിസാഹസികവും എന്നാൽ ദാരുണവുമായ ഈ സംഭവം നടന്നത് (Madhya Pradesh Man Dies Saving Son-in-Law). സിരംഗി ഗ്രാമവാസിയായ 60-കാരൻ ഭഗവാൻ സിംഗാണ് മരുമകന്റെ ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ കൊല്ലപ്പെട്ടത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ മരുമകൻ മനോഹർ സിംഗിനെ രാജസ്ഥാനിലെ ജലവാറിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ഭഗവാൻ സിംഗും കുടുംബവും. തിങ്കളാഴ്ച ഉച്ചയോടെ ഖിൽച്ചിപൂർ ബസ് സ്റ്റാൻഡിന് സമീപം ഇവരുടെ വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ടു. ഒരു പിക്കപ്പ് വാൻ റോഡിന് കുറുകെ ഇട്ടതായിരുന്നു തടസ്സത്തിന് കാരണം. കുരുക്ക് ഒഴിവാക്കി വേഗത്തിൽ പോകാനായി ഭഗവാൻ സിംഗ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങി പിക്കപ്പ് ഡ്രൈവർ കൈലാഷ് തൻവാറിനോട് വാഹനം മാറ്റാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രകോപിതനായ ഡ്രൈവർ ഇരുമ്പ് വടികൊണ്ട് ഭഗവാൻ സിംഗിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും, ചികിത്സ വൈകിയാൽ മരുമകന്റെ ജീവൻ അപകടത്തിലാകുമെന്ന് ഭയന്ന ഭഗവാൻ സിംഗ് ആരോടും പരാതിപ്പെട്ടില്ല. തലയിൽ ഒരു തോർത്ത് ചുറ്റിക്കെട്ടി മുറിവ് മറച്ചുവെച്ച് അദ്ദേഹം വീണ്ടും കാറിൽ കയറി യാത്ര തുടർന്നു. 50 കിലോമീറ്ററോളം ദൂരം രക്തം വാർന്നൊഴുകിയിട്ടും അദ്ദേഹം നിശബ്ദനായിരുന്നു. പിന്നീട് രക്തസ്രാവം കഠിനമായതോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ ജലവാറിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. 120 കിലോമീറ്റർ ദൂരം പിന്നിട്ട് ജലവാറിലെ ആശുപത്രിയിൽ എത്തിയപ്പോഴേക്കും ഭഗവാൻ സിംഗ് മരണമടഞ്ഞിരുന്നു.
സംഭവത്തിന് പിന്നാലെ ഖിൽച്ചിപൂർ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയായ കൈലാഷ് തൻവാറിനെ പിടികൂടി. ആക്രമണം നടത്തുമ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. കൊലപാതകത്തിന് കേസെടുത്തതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് ഇൻചാർജ് ഉമാശങ്കർ മുക്കാതി അറിയിച്ചു. സ്വന്തം ജീവൻ പണയപ്പെടുത്തിയും മറ്റൊരാൾക്ക് വേണ്ടി പോരാടിയ ആ പിതാവിന്റെ ത്യാഗം ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.
Summary
In a tragic display of courage, 60-year-old Bhagwan Singh from Madhya Pradesh’s Rajgarh lost his life while trying to save his ailing son-in-law. During a traffic jam in Khilchipur, Singh was brutally attacked with an iron rod by a drunk pickup driver.

