റോഡരികിൽ നിന്നുള്ള ഒരു കല്ല് പ്രവർത്തിക്കുന്ന ഒരു ക്ലോക്കാക്കി മാറ്റി അത് നല്ലൊരു തുകയ്ക്ക് വിറ്റ ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ദില്ലിയിൽ നിന്നുള്ള യുവാവ് 5000 രൂപയ്ക്കാണ് ഈ ക്ലോക്ക് വിറ്റിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ, കാണുന്നത് യുവാവ് റോഡരികിൽ നിന്നും ഒരു സാധാരണ കല്ല് എടുത്ത് അത് മനോഹരമായ ഒരു കലാസൃഷ്ടിയാക്കി മാറ്റുന്നതാണ്. ആദ്യം ഒരാളെ സമീപിച്ച് ആ കല്ല് മുറിച്ച് രൂപപ്പെടുത്തുന്നത് കാണാം. പിന്നീട് അത് മിനുക്കിയ ശേഷം പെയിന്റ് ചെയ്ത് തിളക്കമുള്ളതാക്കി മാറ്റുകയാണ്. പിന്നീടതിന് ഫിനിഷ് നൽകുന്നു. ശേഷം യുവാവ് ആ കല്ലിനെ ഒരു പ്രവർത്തിക്കുന്ന ഒരു ക്ലോക്കാക്കി മാറ്റുകയും ചെയ്തു. (Clock)
പിന്നീടുള്ള ശ്രമം ആ കല്ലുകൊണ്ടുള്ള ക്ലോക്ക് വിൽക്കാനുള്ളതായിരുന്നു. എന്നാൽ, ക്ലോക്ക് ഉദ്ദേശിച്ചതുപോലെ വിൽക്കാൻ യുവാവിന് ആദ്യമൊന്നും സാധിക്കുന്നില്ല. കാണുന്നവരെല്ലാം യുവാവിന്റെ കഴിവിനെ അഭിനന്ദിക്കുന്നുണ്ടെങ്കിലും ക്ലോക്ക് വാങ്ങാൻ ആരും തയ്യാറാവുന്നില്ല. ഒരാൾ അത് എടുത്തു നോക്കിയെങ്കിലും പിൻഭാഗം തുറന്നിരിക്കുന്നത് കാരണം വാങ്ങുന്നില്ല. അപ്പോൾ തന്നെ യുവാവ് അതിന്റെ തുറന്നിരിക്കുന്ന പിൻഭാഗം അടച്ചുവയ്ക്കുന്നു. അതിമനോഹരമായിട്ടാണ് അതും പൂർത്തിയാക്കിയിരിക്കുന്നത്.
പിന്നീട് വീണ്ടും അത് വിൽക്കാൻ ശ്രമിക്കുന്നു. എന്നാൽ, ഇത്തവണ ഒരാൾ അത് വാങ്ങാൻ തയ്യാറായി വരുന്നുണ്ട്. വില എത്രയാണ് എന്ന് ചോദിക്കുമ്പോൾ 5000 രൂപ എന്ന് യുവാവ് പറയുന്നു. എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് 5000 രൂപയ്ക്ക് അയാൾ അത് വാങ്ങുകയും ചെയ്തു. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. യുവാവിന്റെ കഴിവിനെ അഭിനന്ദിച്ചുകൊണ്ടാണ് അധികംപേരും കമന്റ് നൽകിയിരിക്കുന്നത്. അത് വാങ്ങിയിരിക്കുന്നയാൾക്ക് യുവാവിന്റെ കഴിവും അതിന്റെ മൂല്ല്യവും മനസിലായി എന്നും പലരും അഭിപ്രായപ്പെട്ടു.