മുംബൈ: ജൽനയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ആഡംബര ബസ് സമൃദ്ധി ഹൈവേയിൽ വെച്ച് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ നാഗ്‌പൂർ ലെയിനിന് സമീപം ഏകദേശം മൂന്ന് മണിയോടെയാണ് അപകടം നടന്നത്.(Luxury bus catches fire in Mumbai, 12 passengers rescued)
അപകടസമയത്ത് 12 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തീപിടിച്ച ഉടൻ ഡ്രൈവർ ഹുസൈൻ സയ്യിദ് സമയോചിതമായി ബസ് നിർത്തി. ഡ്രൈവറും ജീവനക്കാരും ചേർന്ന് ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തിറക്കി രക്ഷപ്പെടുത്തി. അതിനാൽ, ആർക്കും പരിക്കേൽക്കാതെ വലിയ ദുരന്തം ഒഴിവായി.
യാത്രക്കാരെ പുറത്തിറക്കിയതിന് പിന്നാലെ തീ അതിവേഗം ആളിപ്പടരുകയും ബസ് പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. ഹൈവേ പോലീസും ടോൾ പ്ലാസ അധികൃതരും സ്ഥലത്തെത്തി തീയണച്ചു. ആംബുലൻസും ജീവൻ രക്ഷാ സംഘങ്ങളും സ്ഥലത്ത് എത്തിച്ചേർന്നിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
അപകടത്തെ തുടർന്ന് പാതയിൽ ഗതാഗതം തടസ്സപ്പെട്ടെങ്കിലും അധികം വൈകാതെ സുഗമമാക്കി. ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കയുളവാക്കുന്നുണ്ട്.