

ചെന്നൈ: തമിഴ്‌നാട് സ്വദേശിയെ വിവാഹം കഴിച്ച ശ്രീലങ്കൻ യുവതിയെ നാടുകടത്താനുള്ള നീക്കം മദ്രാസ് ഹൈക്കോടതി തടഞ്ഞു. ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റേതാണ് ഈ ശ്രദ്ധേയമായ ഉത്തരവ്. മാനുഷിക പരിഗണന വെച്ച് അധികൃതർ ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.(Love has no boundaries, Madras HC orders Sri Lankan woman not to be deported)
2018-ൽ ശ്രീലങ്കയിൽ വെച്ചാണ് തമിഴ്‌നാട് സ്വദേശി അബ്ദുൾ ജബ്ബാറും ലങ്കൻ യുവതി ഫാത്തിമ റിയാസയും വിവാഹിതരായത്. 2019-ൽ ഇന്ത്യൻ വിസയിൽ തമിഴ്‌നാട്ടിലെത്തിയ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. യുവതിയുടെ ലങ്കൻ പാസ്‌പോർട്ടിന്റെയും ഇന്ത്യൻ വിസയുടെയും കാലാവധി കഴിഞ്ഞതോടെയാണ് പ്രശ്നം തുടങ്ങിയത്. പൗരത്വത്തിനായുള്ള യുവതിയുടെ അപേക്ഷ കേന്ദ്രം തള്ളിയതോടെ അവർ നാടുകടത്തൽ ഭീഷണിയിലായി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
പങ്കാളികൾക്ക് ഒരുമിച്ച് താമസിക്കാനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദം നൽകുന്ന ജീവിത സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. വിവാഹം ഇന്ത്യൻ പൗരന്മാർ തമ്മിൽ തന്നെയാകണമെന്നില്ല. പ്രണയത്തിന് അതിർത്തികളില്ലെന്ന് കോടതി നിരീക്ഷിച്ചു.
യുവതിക്ക് ഇന്ത്യയിൽ തുടരാൻ കോടതി രണ്ട് നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു. ഇന്ത്യയിൽ ഏഴ് വർഷം താമസിച്ചു കഴിഞ്ഞാൽ പൗരത്വത്തിനായി വീണ്ടും അപേക്ഷ നൽകാം. ശ്രീലങ്കൻ പാസ്‌പോർട്ട് പുതുക്കിയ ശേഷം വീണ്ടും ഇന്ത്യൻ വിസയ്ക്കായി അപേക്ഷിക്കാം.