ചിത്രദുർഗ: കർണാടകയിലെ ചിത്രദുർഗയിൽ കണ്ടെയ്‌നർ ലോറി സ്ലീപ്പർ ബസിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ പത്തിലേറെ പേർ കൊല്ലപ്പെട്ടു. ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത 48-ലെ ഗോർലത്തു ക്രോസിന് സമീപമായിരുന്നു അപകടം.(Lorry and bus collide in Karnataka, catches fire, more than 10 people die tragically)
ഹിരിയൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്ന് എതിർദിശയിൽ നിന്ന് വന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് തീപിടിക്കുകയും നിമിഷങ്ങൾക്കുള്ളിൽ വാഹനം പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. മരിച്ചവരിൽ ലോറി ഡ്രൈവറും ഉൾപ്പെടുന്നു.
അപകടസമയത്ത് ബസിൽ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തീ പടർന്നത് മരണസംഖ്യ ഉയരാൻ കാരണമായി. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. ഇവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.