മുംബൈ : യെസ് ബാങ്കുമായി ബന്ധപ്പെട്ട 3000 കോടി രൂപയുടെ വായ്പത്തട്ടിപ്പുകേസിൽ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനിൽ അംബാനിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് പുറപ്പെടുവിച്ചു.ചൊവാഴ്ച ഇ.ഡിക്കു മുന്നിൽ ഹാജരാകാനും അനിൽ അംബാനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഈ സാഹചര്യത്തിൽ അനിൽ അംബാനി രാജ്യം വിടുന്നത് തടയുന്നതിൻ്റെ ഭാഗമായി ഇ.ഡിയുടെ നടപടി.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും തുറമുഖങ്ങളിലേക്കും നോട്ടിസ് അയച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്തേക്ക് പോകാൻ ശ്രമിച്ചാൽ കസ്റ്റഡിയിലെടുക്കാനും ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ അന്വേഷണ ഘട്ടത്തിൽ രാജ്യം വിടുന്നത് തടയാൻ വേണ്ടിയാണ് ഇത്.
2017ലും 2019-ലും യെസ് ബാങ്ക് അനുവദിച്ച വായ്പകളിലെ 3000 കോടിയോളം രൂപ വ്യാജ കമ്പനികളിലേക്കും ഗ്രൂപ്പിലെ മറ്റു കമ്പനികളിലേക്കും ക്രമവിരുദ്ധമായി മാറ്റിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. വായ്പ അനുവദിക്കുന്നതിനായി യെസ് ബാങ്കിന്റെ അന്നത്തെ ഉടമയ്ക്കും അധികൃതര്‍ക്കും കൈക്കൂലി നല്‍കിയതിനും തെളിവുലഭിച്ചിട്ടുണ്ട്.
വായ്പകള്‍ ഒറ്റവര്‍ഷം കൊണ്ട് ഇരട്ടിയായ റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡുമായി ബന്ധപ്പെട്ട് സെബി നടത്തിയ അന്വേഷണത്തിലെ വിവരങ്ങളും ഇഡിക്കു ലഭിച്ചിട്ടുണ്ട്. ഇതിൻ്റെയെല്ലാം പശ്ചാത്തലത്തിലാണ് അനിൽ അംബാനിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.