
ന്യൂഡൽഹി: രാജ്യത്തെ അഴിമതി കേസുകൾ അന്വേഷിക്കാനായി രൂപീകരിച്ച ലോക്പാൽ സ്ഥാപനം വൻ സാമ്പത്തിക ധൂർത്തിൽ ഏർപ്പെടുന്നതായി റിപ്പോർട്ട്. ലോക്പാൽ ചെയർപേഴ്സണും എട്ട് അംഗങ്ങൾക്കുമായി ഏകദേശം 70 ലക്ഷം രൂപയോളം വിലവരുന്ന ഏഴ് ബി.എം.ഡബ്ല്യു 3 സീരീസ് 330 എൽ.ഐ. കാറുകൾ വാങ്ങുന്നതാണ് വിവാദമായത്. മൊത്തം അഞ്ച് കോടി രൂപയോളം പൊതുഖജനാവിൽ നിന്ന് ചെലവഴിച്ചുള്ള ഈ ആഡംബര വാങ്ങലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
വിമർശനങ്ങളുടെ കാരണം
അഴിമതിക്കെതിരെ പോരാടാൻ നിയോഗിച്ച സ്ഥാപനം തന്നെ നികുതിദായകന്റെ പണം ഉപയോഗിച്ച് ഇത്രയും വലിയ ആഡംബരം കാണിക്കുന്നത് ഔദ്യോഗിക പദവിയുടെ ദുരുപയോഗമായാണ് വിമർശിക്കപ്പെടുന്നത്.ലോക്പാൽ അധ്യക്ഷന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാർക്കും തുല്യമാണ്. ഈ പദവിക്ക് യോജിച്ച വാഹനം എന്ന പേരിലാണ് ആഡംബര കാറുകൾ വാങ്ങുന്നത്.രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് അഴിമതി വിരുദ്ധ സമിതിയുടെ ഭാഗമായവർ ഇത്തരത്തിൽ പരസ്യമായ ധൂർത്ത് കാണിക്കുന്നതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
ജീവനക്കാർക്ക് പരിശീലനം
വാഹനം ഡെലിവറി ചെയ്ത് രണ്ടാഴ്ചക്കുള്ളിൽ ഡ്രൈവർമാർക്കും മറ്റ് ജീവനക്കാർക്കും ബി.എം.ഡബ്ല്യു. കാറുകൾ സുരക്ഷിതമായി ഓടിക്കുന്നതിനുള്ള പരിശീലനം നൽകണമെന്നും ടെൻഡർ രേഖയിൽ പ്രത്യേകം പറയുന്നുണ്ട്.നികുതിദായകന്റെ പണം ധൂർത്തടിക്കുന്നതിനെതിരെ പൊതുസമൂഹത്തിൽ നിന്ന് ശക്തമായ പ്രതികരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.