വർഷം 1989 ഒക്ടോബർ, സ്ഥലം ലോഗെയ്ൻ ഗ്രാമം, ഭഗൽപൂർ ജില്ല, ബിഹാർ, ഇന്ത്യ.. ഇന്ത്യൻ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഏറ്റവും ഭീകരമായ വർഗീയ കലാപങ്ങളിലൊന്നാണ് 1989-ലെ ഭഗൽപൂർ കലാപം. രണ്ടു മാസത്തോളം നീണ്ടുനിന്ന ഈ അക്രമ പരമ്പരയിൽ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, അതിൽ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു. ഈ കലാപത്തിനിടയിലെ ഒരു നടുക്കുന്ന അധ്യായമാണ് ലോഗെയ്ൻ ഗ്രാമത്തിൽ നടന്നത്.(Logain Massacre, A Shocking Chapter)
പശ്ചാത്തലം
രാമജന്മഭൂമി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് രാജ്യത്ത് വർഗീയ സംഘർഷങ്ങൾ വർധിച്ചിരുന്ന കാലമായിരുന്നു അത്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ഇഷ്ടികകൾ (രാംശില) ശേഖരിക്കുന്ന രാംശില ഘോഷയാത്രകൾ ഭഗൽപൂരിലൂടെ കടന്നുപോയിരുന്നു. 1989 ഒക്ടോബർ 24-ന്, ഭഗൽപൂരിലെ തതർപൂർ പ്രദേശത്ത് വെച്ച് ഒരു ഘോഷയാത്രക്ക് നേരെ ബോംബേറുണ്ടായി. ഇതാണ് ഭഗൽപൂർ കലാപത്തിന് പെട്ടെന്നുള്ള കാരണമായത്. ഈ സംഭവത്തിന് ശേഷം, ഭഗൽപൂർ നഗരത്തിലും, ചുറ്റുമുള്ള ഏകദേശം 250 ഗ്രാമങ്ങളിലേക്കും കലാപം പടർന്നുപിടിച്ചു.
ലോഗെയ്ൻ ഗ്രാമത്തിലെ ദുരന്തം
ഭഗൽപൂർ നഗരത്തിൽ കലാപം കത്തിപ്പടരുന്നതിനിടെ, ഗ്രാമപ്രദേശങ്ങളിൽ നടന്ന ആസൂത്രിതമായ കൂട്ടക്കൊലകളിൽ ഒന്നാണ് ലോഗെയ്ൻ ഗ്രാമത്തിൽ അരങ്ങേറിയത്. 1989 ഒക്ടോബർ 27-നോടടുത്ത്, ഏകദേശം 4,000 പേരടങ്ങുന്ന ഒരു വലിയ അക്രമി സംഘം ലോഗെയ്ൻ ഗ്രാമത്തെ വളഞ്ഞു. ഗ്രാമത്തിൽ ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നു. അക്രമികളെ ഭയന്ന് ഏകദേശം 125-ഓളം ഗ്രാമവാസികൾ ഗ്രാമത്തിലെ ഷെയ്ഖ് മിന്നാട്ടിന്റെ വലിയ വീട്ടിൽ അഭയം തേടി. എന്നാൽ, സുരക്ഷ ഉറപ്പ് നൽകി മടങ്ങിപ്പോയ പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയോ അല്ലാതെയോ, അടുത്ത ദിവസം അതിരാവിലെ തന്നെ അക്രമി സംഘം ഈ വീടിന് ചുറ്റും തടിച്ചുകൂടി.
അഭയം തേടിയ ഗ്രാമവാസികളെ കള്ളം പറഞ്ഞ് പുറത്തിറക്കിയതിന് ശേഷം, ഈ വലിയ ജനക്കൂട്ടം അവരെ ക്രൂരമായി കൊലപ്പെടുത്തി. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ ഏകദേശം 116 മുസ്ലീങ്ങളെയാണ് ലോഗെയ്ൻ ഗ്രാമത്തിൽ വെച്ച് കൂട്ടക്കൊല ചെയ്തത്.
തെളിവുകൾ മറയ്ക്കാൻ
കൊലപാതകങ്ങൾക്ക് ശേഷം, അക്രമികൾ ചെയ്തത് അതിലേറെ ഞെട്ടിക്കുന്ന കാര്യമായിരുന്നു. കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങൾ ഗ്രാമത്തിലെ കൃഷിയിടങ്ങളിൽ കുഴിച്ചിട്ടു. പിന്നീട് തെളിവുകൾ നശിപ്പിക്കാനായി, ഈ കൂട്ടക്കുഴിമാടങ്ങൾക്ക് മുകളിൽ ക്വാളിഫ്ലവർ തൈകൾ നട്ടുപിടിപ്പിച്ചു. ഏകദേശം 25 ദിവസത്തോളം ഈ കൂട്ടക്കൊലയുടെ വിവരം പുറംലോകം അറിഞ്ഞില്ല.
പല ദിവസങ്ങൾക്ക് ശേഷം, ഭഗൽപൂരിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് എ.കെ. സിംഗ് സമീപ പ്രദേശമായ ബാബുറ ഗ്രാമം സന്ദർശിച്ചപ്പോൾ, ക്വാളിഫ്ലവർ തോട്ടത്തിന് മുകളിൽ കഴുകന്മാർ വട്ടമിട്ട് പറക്കുന്നത് ശ്രദ്ധിച്ചു. സംശയം തോന്നിയ അദ്ദേഹം നടത്തിയ അന്വേഷണത്തിലാണ് ഈ കൊടുംക്രൂരതയുടെ ചുരുളഴിഞ്ഞത്. കൃഷിയിടത്തിൽ നിന്ന് 105 മൃതദേഹങ്ങൾ ഉൾപ്പെടെയുള്ള മനുഷ്യശരീര ഭാഗങ്ങൾ കുഴിച്ചെടുത്തു.
ലോഗെയ്ൻ സംഭവം പുറത്തുവന്നത് രാജ്യമെങ്ങും വലിയ ഞെട്ടലുണ്ടാക്കി. തെളിവുകൾ മറച്ചുവെക്കാൻ ക്വാളിഫ്ലവർ തൈകൾ ഉപയോഗിച്ചതിനാലാണ് ഈ സംഭവം "ഗോബി ഫാമിംഗ്" (Gobi Farming) എന്ന ദുരിതകരമായ പ്രയോഗത്തിന്റെ പ്രതീകമായി മാറിയത്.
ലോഗെയ്ൻ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് ശേഷം 2007-ൽ, മുൻ പോലീസ് ഓഫീസർ ഉൾപ്പെടെ 14 പേരെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. എങ്കിലും, ഈ കലാപത്തിലെ പല കേസുകളിലെയും പ്രതികൾ വേണ്ടത്ര തെളിവുകളില്ലാത്തതിന്റെ പേരിൽ വെറുതെ വിടപ്പെടുകയും, ഇരകൾക്ക് നീതിയും മതിയായ നഷ്ടപരിഹാരവും ലഭിക്കാതെ വരികയും ചെയ്തത് ഇപ്പോഴും ഒരു വേദനയായി അവശേഷിക്കുന്നു.
ലോഗെയ്ൻ കൂട്ടക്കൊല, ഭഗൽപൂർ കലാപത്തിലെ ഒരു ചെറിയ ഭാഗം മാത്രമായിരുന്നില്ല, മറിച്ച്, വർഗീയതയുടെയും ഭരണകൂടത്തിന്റെ നിസ്സംഗതയുടെയും ഇരകളായി സാധാരണക്കാർ മാറിയതിന്റെ ഭീകരമായ ഓർമ്മപ്പെടുത്തലാണ്. നാനാത്വത്തിൽ ഏകത്വം എന്നഭിമാനിക്കുന്ന ഭാരതത്തിലെ ഏറിയ പങ്ക് ജനങ്ങളും അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നു എന്നതല്ലേ സത്യം ?