മുംബൈ: ദാദ്ര നഗർ ഹവേലിയിലും ദാമൻ ദിയുവിലും നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റുകളിലും ബിജെപി എതിരില്ലാതെ വിജയിച്ചതിന് പിന്നാലെ ഗുരുതര ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം.(Local body elections, BJP wins unopposed in 91 out of 122 seats, Congress in High Court )
ആകെയുള്ള 122 സീറ്റുകളിൽ 91 ലും ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. കോൺഗ്രസിന്റെ സ്ഥാനാർത്ഥികളിൽ 80 ശതമാനം പേരുടെയും പത്രികകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞു എന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്.
മത്സരം നടക്കുന്ന വാർഡുകളിൽ നാളെയാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ബിജെപി നേടിയ എതിരില്ലാത്ത വിജയം ശ്രദ്ധേയമാണ്. 48 അംഗ ജില്ലാ പഞ്ചായത്തിൽ 35 എണ്ണത്തിലും, 44 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ 30 എണ്ണത്തിലും, 30 മുനിസിപ്പാലിറ്റി സീറ്റുകളിൽ 26 എണ്ണത്തിലും ബിജെപിക്ക് എതിരില്ലാതെ വിജയിക്കാനായി.
ദാദ്ര, നാഗർ ഹവേലി ജില്ലാ പഞ്ചായത്തിൽ 26 സീറ്റുകളിൽ 20 എണ്ണത്തിലും, 15 മുനിസിപ്പാലിറ്റി വാർഡുകളിൽ 14 എണ്ണത്തിലും, 26 ഗ്രാമപഞ്ചായത്തുകളിൽ 18 എണ്ണത്തിലുമാണ് ബിജെപി എതിരില്ലാതെ വിജയിച്ചത്.
ദാമൻ ജില്ലാ പഞ്ചായത്തിലെ 16 സീറ്റുകളിൽ 10 എണ്ണത്തിലും, ദാമൻ മുനിസിപ്പാലിറ്റിയിലെ 15 വാർഡുകളിൽ 12 എണ്ണത്തിലും, 16 ഗ്രാമപഞ്ചായത്തുകളിൽ 10 എണ്ണത്തിലും ബിജെപി എതിരില്ലാതെ വിജയികളായി.
ദിയുവിൽ, എട്ട് ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ അഞ്ചെണ്ണത്തിൽ ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. സർപഞ്ച് സോളവാഡി, ബുച്ചാർവാഡ ഗ്രാമപഞ്ചായത്തുകൾ ബിജെപി എതിരില്ലാതെ ജയിച്ചുകയറുകയും ചെയ്തു.
അഞ്ച് വർഷം മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 150 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ 84 എണ്ണത്തിൽ എതിരാളികളില്ലാതെയാണ് പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഇത്തവണത്തെ എതിരില്ലാത്ത വിജയങ്ങളുടെ എണ്ണക്കൂടുതലാണ് ക്രമക്കേട് ആരോപണത്തിന് കാരണം.