ജീവൻ തുടിക്കുന്ന പാലങ്ങൾ; മേഘാലയയിലെ നിത്യവും വളർന്നു കൊണ്ടിരിക്കുന്ന ജീവനുള്ള വേരുപാലങ്ങള്‍ |Living Root Bridges in Meghalaya

Living Root Bridges in Meghalaya
Published on

ചെറുതും വലുതുമായ പാലങ്ങൾ നമ്മുടെ നാട്ടിൽ നിരവധിയാണ്. വിദൂര ദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലങ്ങൾ ആരെയും ത്രസിപ്പിക്കുന്നതാണ്. ഇവയെല്ലാം കോണ്‍ക്രീറ്റും മെറ്റലുമുപയോഗിച്ച് കെട്ടിപ്പടുത്തവയാണ്. എന്നാൽ പ്രകൃതിയുടെ പാലത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. നിത്യവും വളർന്നു കൊണ്ടിരിക്കുന്ന പാലങ്ങൾ. പ്രകൃതി കെട്ടിപ്പടുത്ത, ജീവന്റെ തുടിപ്പുള്ള ഈ പാലങ്ങൾ നേരിട്ട് കാണണമെങ്കിൽ ചിറാപുഞ്ചി വരെ ഒന്ന് പോകേണ്ടി വരും. മനുഷ്യ സങ്കൽപ്പങ്ങൾക്കും അപ്പുറമാണ് പ്രകൃതി ഉള്ളിൽ ഒളിപ്പിക്കുന്ന മനോഹാരിത അതിന്റെ ഉദ്പതമായ ഉദാഹരണമാണ് മേഘാലയയിലെ ജീവനുള്ള പാലങ്ങൾ (Living Root Bridges in Meghalaya).

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മേഘായയിലെ ചിറാപുഞ്ചിയിലും സമീപ പ്രദേശങ്ങളിലുമാണ് ഈ വളരുന്ന പാലങ്ങളെ കാണുവാൻ സാധിക്കുന്നത്. ഇവിടുത്തെ ഖാസി ഗോത്ര (Khasi tribe) വർഗമാണ് ഈ അതുല്യമായ സൃഷ്ടിക്ക് പിന്നിൽ. ഇടതൂർന്ന മഴക്കാടുകളിൽ ജീവിക്കുന്നവരാണ് ഖാസി ഗോത്രം. കാടുകളിലെ പുഴകൾ എളുപ്പത്തിൽ മറികടക്കുവാൻ വേണ്ടിയാണ് ഇവർ മരങ്ങളുടെ വേരുകളും മറ്റും കൊണ്ട് പാലങ്ങൾ നിർമ്മിക്കുന്നത്. നദി തീരങ്ങളിലെ മരങ്ങളുടെ വേരുകൾ തമ്മിൽ കൂട്ടിയിണക്കി ഒരു പാലം പോലെ അവ പണിതീർക്കുന്നു. ശേഷം അവ സഞ്ചാര പാതയായി വിനിയോഗിക്കുന്നു. പ്രധാനമായും  അത്തി വര്‍ഗത്തില്‍പ്പെട്ട ഫിഗസ് എലാസ്റ്റിക്ക (Ficus elastica) എന്ന മരത്തിന്റെ വേരുകൾ ഉപയോഗിച്ചാണ് പാലം നിർമ്മിക്കുന്നത്. ഈ മരത്തിന്റെ തടിയിൽ നിന്നുമാണ് വേരുകൾ വളരുന്നത് എന്ന സവിശേഷതയാണ് പാലം നിർമ്മിക്കുന്നതിനായി ഇവ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. യാഥാർഥ്യത്തിൽ, പാലം നിർമ്മിക്കുന്നത് അല്ല മറിച്ച് പാലത്തെ വളർത്തുന്നതാണ്.

മരത്തിന്റെ വേരുകള്‍ കമുകിന്‍ തടിയ്ക്കുള്ളിലൂടെയോ മുളന്തണ്ടിലോ ഉറപ്പിച്ചുകെട്ടി മറുകരയിലേക്ക് കടത്തി വിടുന്നു. വേരുകള്‍ പടര്‍ന്ന് മറ്റു ദിശയിലേക്ക് വളരാതിരിക്കുവാൻ ആണ് എങ്ങനെ ചെയുന്നത്. വർഷങ്ങൾ കൊണ്ട് വളരുന്ന വേരുകൾ അക്കരയിൽ എത്തുന്നു. ഇങ്ങനെ അക്കരയിൽ എത്തുന്ന വേരുകൾ മണ്ണിൽ ഉറയ്ക്കുന്നു, അവ പിന്നെയും വളരുന്നു. വേരുകൾ നല്ലതു പോലെ വളർന്ന ശേഷം അവയ്ക്ക് മുകളിൽ തടികഷണങ്ങൾ പാകി പാലമാക്കുന്നു. കുറഞ്ഞത് 15 വര്‍ഷമെങ്കിലുമെടുത്തതാണ് ഈ വേരുകൾ പാലമായി പരിണമിച്ചത്. പാലത്തിന്റെ വലിപ്പം കണക്കാക്കിയാണ് അത് രൂപംകൊള്ളാൻ വേണ്ടി എത്ര വർഷങ്ങൾ വേണ്ടി വന്നു എന്ന് കണക്കാക്കുന്നത്. വർഷങ്ങൾ കടന്നു പോകും തോറും ഈ പാലങ്ങളുടെ കരുത്ത് ക്ഷയിച്ചു പോകുമെന്ന പേടി വേണ്ട. വേരുകൾ വളർന്നു കൊണ്ടിരിക്കുന്നതിനാൽ പാലത്തിന്റെ ശക്തി കൂടുന്നതെയുള്ളൂ.

ഒരേ സമയം 50 പേരുടെ ഭാരംവരെ താങ്ങാന്‍ ശേഷിയുള്ളതാണ് ഈ വേരുപാലങ്ങൾ. നിലവിലുള്ള പാലങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തലമുറകളിലൂടെ വളരുന്ന പാലങ്ങളാണിവ. ഇവയ്ക്ക് അഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് വിശ്വാസം. മേഘാലയയിൽ ഏകദേശം 100 ഓളം ജീവനുള്ള പാലങ്ങൾ ഉണ്ട്. എന്നാൽ ഇവയിൽ ചിറാപുഞ്ചിയിലും ഷില്ലോംഗിലുമാണ് ഏറ്റവും മികച്ച സഞ്ചാരയോഗ്യമായ പാലങ്ങൾ ഉള്ളത്. 100 ഓളം പാലങ്ങൾ ഉണ്ടെങ്കിൽ പോലും 11 പ്രവര്‍ത്തനക്ഷമമായ വേരുപാലങ്ങളാണ് നിലവിൽ ഉള്ളത്. ഇവയിൽ ഏറ്റവും പ്രശസ്തമായ പാലമാണ് 'ഡബിള്‍ ഡെക്കര്‍' റൂട്ട് ബ്രിഡ്ജ് (Double Decker Root Bridge). നോണ്‍ഗ്രിയത് ഗ്രാമത്തിലെ ഉംഷിയാങ്ങിലാണ് ഈ ഡബിള്‍ ഡെക്കര്‍ പാലം സ്ഥിതിചെയ്യുന്നത്. രണ്ടു തട്ടിലായി രണ്ടു പാലങ്ങൾ. അത് കാണേണ്ട കാഴ്ച തന്നെയാണ്.

Living Root Bridges in Meghalaya

ഈ പാലത്തിന്റെ ഇരു കരകളിലുമായി ഏകദേശം മൂവായിരത്തിൽ അധികം മനുഷ്യർ അതിവസിക്കുന്നു. ഒരു ജനതയുടെ തന്നെ പ്രധാന സഞ്ചാര പാതയാണ് ഈ ഡബിള്‍ ഡെക്കര്‍ പാലം. 30 മീറ്റര്‍ നീളവും, 2400 അടി ഉയരവുമുള്ള ഈ പാലത്തിന് 120 വർഷത്തിൽ ഏറെ പഴക്കമുണ്ട്. മുകളിലെ പാലത്തിലേക്ക് കയറിപ്പറ്റാന്‍ ഏറെ പ്രയാസപ്പെടും. ഒരുപക്ഷെ അതിനാലാകും താഴെ മറ്റൊരു പാലം കൂടി പണിതീർത്തത്. കാണുവാൻ ഏറെ മനോഹരമായ ഈ പാലത്തിൽ എത്തിച്ചേരുക എന്നത് അത്ര എളുപ്പമല്ല. 3000 പടികള്‍ കയറിയാൽ മാത്രമേ പാലത്തിൽ എത്തിച്ചേരുവാൻ സാധിക്കൂ. മണിക്കൂറുകൾ നീണ്ട ട്രക്കിങ്ങിന് ഒടുവിലെ കാടിനുള്ളിലെ ഈ പാലങ്ങളെ കാണുവാൻ സാധിക്കൂ. മറ്റു വേരുപാലങ്ങളിലേക്കും എത്തിച്ചേരുവാൻ ട്രക്കിങ് മാത്രമാണ് വഴി. പ്രകൃതിയുടെ അനശ്വര സൗന്ദര്യം ആസ്വദിക്കാൻ ഒരൽപം സാഹസികത അനിവാര്യമാണ്.

യുനെസ്കോയുടെ ലോകപൈതൃക പദവിയുള്ള ഇടങ്ങളുടെ താത്ക്കാലിക പട്ടികയിൽ പാലം ഇടംപിടിച്ചിരിക്കുകയാണ്. മേഘാലയ ഗ്രാമങ്ങളിലെ വേരുപാലങ്ങളിലൂടെയുള്ള സാഹസികമായ ട്രക്കിങ്ങാണ് ഇവിടുത്തെ പ്രധാന വിനോദം. ഇന്ന് ലോക ജനതയെ വിസ്മയിപ്പിക്കുന്ന ഈ ജീവനുള്ള പാലങ്ങൾ ലോകർക്ക് സമർപ്പിച്ചത് ഖാസി ഗോത്രക്കാരാണ്. തങ്ങളുടെ സുഖ സഞ്ചാരത്തിനായി അവർ കാടുകൾ വെട്ടിത്തള്ളിച്ച കോണ്‍ക്രീറ്റും മെറ്റലുമുപയോഗിച്ച് പാലങ്ങൾ കെട്ടിപ്പടുക്കുന്നതിന് പകരം പ്രകൃതിയെ നെഞ്ചോട് ചേർത്ത് അവർ പാലങ്ങൾ ഉണ്ടാക്കി. ജീവൻ തുടിക്കുന്ന ആ പാലങ്ങൾ ഒരു ജനത പ്രകൃതിക്ക് നൽകുന്ന മൂല്യങ്ങളുടെ തെളിവാണ്. പലപ്പോഴും മനുഷ്യർ തങ്ങളുടെ ഇഷ്ടത്തിന് കാടുകൾ വെട്ടിമൂടി, കുന്നുകൾ ഇടിച്ചു നിരത്തി മുന്നോട്ടു നീങ്ങുന്നു. എന്നാൽ ഇവിടെ മനുഷ്യന്റെ ബുദ്ധി ചാതുര്യവും പ്രകൃതിയുടെ വിസ്മയവും കൂടി ഒത്തുചേർന്ന് സൃഷ്ട്ടിച്ചത് കാലാതീതമായ ഘടനയാണ്.

Related Stories

No stories found.
Times Kerala
timeskerala.com