
ഡൽഹി: യുവാവിന്‍റെ ചെറുകുടലിൽ നിന്ന് ജീവനുള്ള പാറ്റയെ പുറത്തെടുത്തു. ചെറുകുടലിൽ നിന്ന് മൂന്ന് സെന്‍റീമീറ്റർ വലിപ്പമുള്ള ജീവനുള്ള പാറ്റയെ നീക്കം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. വസന്ത് കുഞ്ചിലെ ഫോർട്ടിസ് ആശുപത്രിയിൽ നൂതന എൻഡോസ്കോപ്പിക് ടെക്നിക്കുകൾ ഉപയോഗിച്ചാണ് പാറ്റയെ നീക്കം ചെയ്തതെന്ന് ആശുപത്രി വക്താവ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവാവിന് കടുത്ത വയറുവേദനയും ഭക്ഷണം ദഹിക്കുന്നതിൽ ബുദ്ധിമുട്ടും ഉണ്ടായിരുന്നതായി മെഡിക്കൽ സംഘത്തെ നയിച്ച ഗ്യാസ്ട്രോഎൻട്രോളജിയിലെ സീനിയർ കൺസൾട്ടന്‍റ് ശുഭം വാത്സ്യ പറഞ്ഞു. രോഗി ഭക്ഷണം കഴിക്കുമ്പോൾ പാറ്റയെ വിഴുങ്ങിയിരിക്കാം അല്ലെങ്കിൽ ഉറങ്ങുമ്പോൾ അത് വായിൽ കയറിയിരിക്കാമെന്നുമുള്ള സാധ്യത അദ്ദേഹം പറഞ്ഞു.