ചെന്നൈ : വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തനിയെ തിരിച്ചെത്തി. രണ്ട് ദിവസമായി സിംഹത്തിനായുള്ള തെരച്ചിൽ നടത്തുകയായിരുന്നു. സിംഹം ആരോഗ്യവാനാണെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും മൃഗശാല ഡയറക്ടർ പറഞ്ഞു. നടൻ ശിവകാർത്തികേയൻ ദത്തെടുത്തിരുന്ന സിംഹമാണിത്.1490 ഏക്കറിലായി സ്ഥിതി ചെയ്യുന്ന വണ്ടല്ലൂർ മൃഗശാലയിലെ അഞ്ചര വയസുള്ള സിംഹമായ
ഷേർയാർ എന്ന് വിളിക്കുന്ന ആൺ സിംഹത്തെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ കാണാതായത്. വൈകിട്ട് കൂടിനടുത്തേക്ക് മടങ്ങിയെത്താറുള്ള സിംഹം സന്ധ്യകഴിഞ്ഞിട്ടും എത്തിയില്ല. സിംഹത്തെ പാർപ്പിച്ചിരിക്കുന്ന 50 ഏക്കർ പരിധിയിൽ അഞ്ച് സംഘങ്ങളായി പരിശോധന നടത്തിവരികയായിരുന്നു.ഇതിനിടെയാണ് സിംഹം തിരികെ കൂട്ടിൽ തിരിച്ചെത്തിയത്.
കഴിഞ്ഞ വർഷം ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന സിംഹമാണിത്. സിംഹം കൂട്ടിലേക്ക് തിരികെ കൂട്ടിലേക്ക് ഓടിയെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സിംഹത്തെ കാണാതായതോടെ പൊതുജനങ്ങൾക്ക് മൃഗശാലയിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.