ന്യൂഡൽഹി: വനിതാ സംവരണ നിയമത്തിൽ കൊണ്ടുവരുന്ന ഭേദഗതികൾ കേവലം ഒരു നിയമനിർമ്മാണമല്ലെന്നും, മറിച്ച് ഇന്ത്യയിലെ കോടിക്കണക്കിന് സ്ത്രീകളുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വരാനിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി തന്റെ വെബ്‌സൈറ്റിൽ എഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭേദഗതി ബില്ലിനെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ എംപിമാരും പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.(Let’s move together to empower women, PM Modi asks MPs to unite in support)
2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും തുടർന്നുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും വനിതാ സംവരണത്തോടെ നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി ഏപ്രിൽ 16 മുതൽ 18 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 543-ൽ നിന്ന് 816 ആയി വർദ്ധിക്കും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും.
നേരത്തെ 2027-ലെ സെൻസസിന് ശേഷം സംവരണം നടപ്പിലാക്കാനായിരുന്നു തീരുമാനമെങ്കിലും, പുതിയ ഭേദഗതി പ്രകാരം 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്തി 2029-ൽ തന്നെ സംവരണം നടപ്പിലാക്കും. “ഇതൊരു ചരിത്രപരമായ സന്ദർഭത്തിന്റെ ഉമ്മറപ്പടിയാണ്. നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറ ആഴത്തിലാക്കാനും സമത്വത്തോടുള്ള നമ്മുടെ പ്രതിബദ്ധത ഉറപ്പിക്കാനുമുള്ള അവസരമാണിത്. ശാസ്ത്രം, സാങ്കേതികവിദ്യ, കായികം, സായുധ സേന തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകൾ ഇന്ന് മുൻപന്തിയിലുണ്ട്. എന്നാൽ ഭരണനിർവ്വഹണത്തിലും നിയമനിർമ്മാണ സഭകളിലും അവരുടെ പങ്കാളിത്തം അർഹമായ തോതിൽ ഇതുവരെ എത്തിയിട്ടില്ല,” പ്രധാനമന്ത്രി കുറിച്ചു.
മുൻ സർക്കാരുകൾ വനിതാ സംവരണത്തിനായി ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2023 സെപ്റ്റംബറിൽ ‘നാരീശക്തി വന്ദൻ അധിനിയം’ പാസാക്കിയത് തന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ നിമിഷങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിിച്ചേർത്തു. “സ്ത്രീകളുടെ പ്രാതിനിധ്യം വൈകിപ്പിക്കുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ഗുണനിലവാരത്തെയും ഉൾക്കൊള്ളൽ സ്വഭാവത്തെയും ദുർബലപ്പെടുത്തുന്നതിന് തുല്യമാണ്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ ഭിന്നതകൾ മറന്ന് ഒന്നിക്കാൻ ഇന്ത്യ എന്നും തയ്യാറായിട്ടുണ്ട്. ഇത് അത്തരമൊരു നിമിഷമാണ്. നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാൻ നമുക്ക് ഒരുമിച്ച് നീങ്ങാം,” പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഏപ്രിൽ 16-ന് പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതോടെ ഈ നിർണ്ണായക ബിൽ ചർച്ചയ്ക്ക് വരും.

