

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. നാസിക് സിന്നർ താലൂക്കിലെ ഷിവ്ദ ഗ്രാമത്തിൽ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സവ്ത മാലി സ്വദേശിയായ ഗോരഖ് ജാദവ് എന്ന കർഷകനാണ് മരിച്ചത്. കിണറ്റിൽ വീണ പുള്ളിപ്പുലിയും പിന്നീട് ചത്തു.(Leopard attack, Farmer and leopard fall into well while trying to escape, tragic end)
ഞായറാഴ്ച ഉച്ചയ്ക്ക് പാടത്ത് ജോലിക്കിടെ ഭക്ഷണം കഴിക്കുകയായിരുന്ന ഗോരഖ് ജാദവിനെ പുള്ളിപ്പുലി അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. പുലിയിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹം തിരിച്ചും പ്രതിരോധിച്ചു. ഇതിനിടയിലുണ്ടായ പിടിവലിക്കിടെ ഇരുവരും സമീപത്തെ കിണറ്റിലേക്ക് വീണു. വീഴ്ചയിലേറ്റ പരിക്കും പുലിയുടെ ആക്രമണവുമാണ് കർഷകന്റെ മരണത്തിന് കാരണമായത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രകോപിതരായ നാട്ടുകാർ തടഞ്ഞത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. കിണറ്റിൽ വീണ പുലിയെ കൂട് ഇറക്കി രക്ഷപ്പെടുത്താനുള്ള വനംവകുപ്പിന്റെ നീക്കമാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. കർഷകൻ മരിച്ചിട്ടും പുലിയെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഒടുവിൽ പോലീസും വനംവകുപ്പും നാട്ടുകാരുമായി മൂന്ന് മണിക്കൂറിലധികം ചർച്ച നടത്തിയ ശേഷമാണ് ഉദ്യോഗസ്ഥരെ കിണറിന് അടുത്തേക്ക് പോകാൻ അനുവദിച്ചത്. എന്നാൽ അപ്പോഴേക്കും കിണറ്റിലുണ്ടായിരുന്ന പുള്ളിപ്പുലിയും ചത്തിരുന്നു.