
സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ഹിന്ദി റിയാലിറ്റി ഷോയായ ബിഗ് ബോസ് 19 നിയമക്കുരുക്കില്‍. അനുമതിയില്ലാതെ പാട്ട് ഉപയോഗിച്ചതിന് രണ്ട് കോടി രൂപ നഷ്ടപരിഹാരവും, ലൈസന്‍സ് ഫീസും ആവശ്യപ്പെട്ട് ഷോയുടെ നിര്‍മാതാക്കള്‍ക്ക് ലീഗല്‍ നോട്ടീസ് അയച്ചതായാണ് റിപ്പോര്‍ട്ട്. ജനപ്രിയ ബോളിവുഡ് ഗാനങ്ങൾ അനധികൃതമായി ഉപയോഗിച്ചതിന് ഫോണോഗ്രാഫിക് പെർഫോമൻസ് ലിമിറ്റഡ് (പിപിഎൽ) ആണ് നോട്ടീസ് അയച്ചത്. അഗ്നിപഥിലെ ‘ചിക്നി ചമേലി’, ഗോരി തേരി പ്യാർ മേനിലെ ‘ധാത് തേരി കി മേൻ’ എന്നീ പാട്ടുകള്‍ 11-ാം എപ്പിസോഡില്‍ ഉപയോഗിച്ചതിനാണ് നോട്ടീസ്.
ഷോ റണ്ണര്‍മാരായ എൻഡെമോൾ ഷൈൻ ഇന്ത്യയ്‌ക്കെതിരെയും, ബനിജയ്‌ക്കെതിരെയും നിയമനടപടി ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. അനുമതിയില്ലാതെ ഗാനങ്ങള്‍ ഉപയോഗിച്ചെന്ന് ലീഗല്‍ നോട്ടീസില്‍ പറയുന്നു. റെക്കോർഡിംഗുകൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഒരു നോട്ടീസും പിപിഎൽ ബിഗ് ബോസ് 19 നിർമ്മാതാക്കൾക്ക് നൽകിയിട്ടുണ്ടെന്നാണ് വിവരം.
സെപ്റ്റംബർ 19 ന് അഭിഭാഷകനായ ഹിറ്റൻ അജയ് വാസൻ നൽകിയ നോട്ടീസിൽ പ്രൊഡക്ഷൻ ഹൗസിന്റെ ഡയറക്ടർമാരായ തോമസ് ഗൗസെറ്റ്, നിക്കോളാസ് ചസറൈൻ, ദീപക് ധർ എന്നിവരെയാണ് കക്ഷികളാക്കിയിട്ടുള്ളത്. അതേസമയം, എൻഡെമോൾ ഷൈൻ ഇന്ത്യയും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്‌സ്റ്റാറും ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. സോണി മ്യൂസിക് ഇന്ത്യയ്ക്കാണ് രണ്ട് പാട്ടുകളുടെയും ലൈസന്‍സുള്ളത്. പബ്ലിക് റൈറ്റ്‌സ് പിപിഎല്‍ കൈകാര്യം ചെയ്യുന്നു.