
ക്രൈം ന്യൂസ്: ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ ഡേറ്റിങ് ആപ്പിലൂടെ സുഹൃത്തുക്കളെ തിരഞ്ഞ ഒരു അധ്യാപകനുണ്ടായ ദുരനുഭവത്തിന്റെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പിതാവിന്റെ മരണത്തോടെ ഏകാന്തത അനുഭവിച്ച ഒരു അധ്യാപകൻ, ഗ്രിൻഡർ എന്ന ഡേറ്റിംഗ് ആപ്പ് വഴി ഒരു യുവാവുമായി സൗഹൃദത്തിലാവുകയും അയാളെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയുമായിരുന്നു. ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ യുവാവ് അധ്യാപകനെ ബന്ദിയാക്കി, മൂന്ന് ലക്ഷം രൂപ കൊള്ളയടിക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
ലഖ്‌നൗവിലെ രവീന്ദ്രപള്ളി പ്രദേശത്താണ് സംഭവം നടന്നത്. ഇവിടെ താമസിക്കുന്ന 53 വയസ്സുള്ള ട്യൂഷൻ അധ്യാപകന്റെ പിതാവ് നാല് മാസം മുമ്പ് മരിച്ചിരുന്നു. ഏകാന്തതയെ മറികടക്കാൻ, അധ്യാപകൻ Grindr ആപ്പിൽ ഒരു പ്രൊഫൈൽ സൃഷ്ടിച്ചിരുന്നു, LGBTQ സമൂഹത്തിലെ ആളുകൾക്കായി ഉദ്ദേശിച്ചുള്ളതാണ് ഈ ആപ്പ്. ഈ ആപ്പ് വഴിയാണ് അധ്യാപകൻ ഒരു യുവാവുമായി സൗഹൃദത്തിലായത്. ബുധനാഴ്ച, അധ്യാപകൻ യുവാവിനെ വീട്ടിലേക്ക് വിളിച്ചു. ആ യുവാവ് വീട്ടിലെത്തിയപ്പോൾ, അവൻ തന്റെ ഒരു സുഹൃത്തിനെയും വിളിച്ചുഒപ്പം കൂട്ടിയിരുന്നു.
വീടിനുള്ളിൽ കയറിയ ശേഷം, ഇരുവരും ചേർന്ന് അധ്യാപകന്റെ കൈകളും കാലുകളും വായയും കെട്ടി. പ്രതിഷേധിച്ചപ്പോൾ അവർ അധ്യാപകനെ ക്രൂരമായി മർദ്ദിച്ചു. പിന്നെ രണ്ടുപേരും അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം രൂപയും കൈക്കലാക്കിയ ശേഷം അവിടെ നിന്നും കടന്നു കളയുകയായിരുന്നു. ഈ സംഭവത്തിന് ശേഷം അധ്യാപകൻ രവീന്ദ്രപള്ളി പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തു. കവർച്ച ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.