ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ച ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയുടെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. മംദാനി സ്വന്തം ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥകളെ ബഹുമാനിക്കാൻ പഠിക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.(Learn to respect the judicial system of other countries, India to Zohran Mamdani)
കഴിഞ്ഞ മാസം ഉമർ ഖാലിദിന്റെ മാതാപിതാക്കളെ കണ്ടപ്പോൾ മംദാനി സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കത്ത് അവർക്ക് കൈമാറിയിരുന്നു. ഇതിലാണ് ഖാലിദിനോടുള്ള ഐക്യദാർഢ്യം അദ്ദേഹം പ്രകടിപ്പിച്ചത്."പ്രിയ ഉമർ, വിദ്വേഷത്തെക്കുറിച്ചുള്ള നിന്റെ വാക്കുകളെക്കുറിച്ചും അത് ഒരാളെ നശിപ്പിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. നിന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയതിൽ സന്തോഷം. ഞങ്ങളെല്ലാം നിന്നെക്കുറിച്ച് ചിന്തിക്കുന്നു." - ഇതായിരുന്നു കത്തിലെ വരികൾ.
വാർത്താ സമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് രൺധീർ ജയ്സ്വാൾ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഒരു രാജ്യത്തെ പൊതുപ്രതിനിധി മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ കോടതികളുടെയും നീതിന്യായ വ്യവസ്ഥയുടെയും സ്വാതന്ത്ര്യത്തെ മാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ താൽപ്പര്യങ്ങളും പക്ഷപാതപരമായ നിലപാടുകളും പ്രകടിപ്പിക്കുന്നത് ഇത്തരം ഉന്നത സ്ഥാനത്തിരിക്കുന്നവർക്ക് ചേർന്നതല്ല. പകരം അവർക്ക് നൽകിയിട്ടുള്ള ജോലികളിൽ ശ്രദ്ധിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ഉമർ ഖാലിദിന് വേണ്ടി സൊഹ്‌റാൻ മംദാനി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.