ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യക്ക് പകരം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ പരിഗണിക്കണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ സജീവമായ ചർച്ചയായിരിക്കെ, നേതൃമാറ്റമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. അഭ്യൂഹങ്ങൾ മാധ്യമസൃഷ്ടി മാത്രമാണെന്നും പാർട്ടിയുടെ ശ്രദ്ധ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.
2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഖാർഗെയും ഡി.കെ. ശിവകുമാറും തമ്മിൽ രണ്ടര വർഷത്തിനുശേഷം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് അധികാരം കൈമാറാൻ ധാരണയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.ധാരണപ്രകാരം ഈ മാസത്തോടെ സർക്കാർ രണ്ടര വർഷം പിന്നിടും. തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ വിജയത്തിൽ ഡി.കെ. ശിവകുമാറിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾ നിർണായകമായിരുന്നു.
മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഏതാനും എം.എൽ.എമാർ നേരത്തെ ഖാർഗെയെ കണ്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിനോട് സിദ്ധരാമയ്യ പ്രതികരിച്ചത് ഇങ്ങനെ:
"എം.എൽ.എമാർ എന്തിന് ഖാർഗെയെ കണ്ടെന്ന് തനിക്കറിയില്ല. അവരോടത് ചോദിച്ചിട്ടില്ല. അവർക്ക് ഏത് നേതാവിനെയും കാണാം. വേണമെങ്കിൽ ഡൽഹിയിൽ പോകാം, എന്നാൽ താനും ഡി.കെ. ശിവകുമാറും ഉൾപ്പെടെയുള്ളവർ ഹൈക്കമാൻഡിൻ്റെ നിർദേശം പാലിക്കാൻ ബാധ്യസ്ഥരാണ്," സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.