
കൊൽക്കത്ത: സൗത്ത് കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്(Law student). കേസുമായി ബന്ധപ്പെട്ട് 3 പേരുടെ അറസ്റ്റാണ് കസ്ബ പോലീസ് രേഖപ്പെടുത്തിയത്. പൂർവ്വ വിദ്യാർത്ഥിയായ മോണോജിത് മിശ്ര, നിലവിൽ കോളേജിൽ പഠിക്കുന്ന ജയ്ബ് അഹമ്മദ്, പ്രമിത് മുഖർജി എന്നിവരാണ് അറസ്റ്റിലായത്. ജൂൺ 25 ന് ലോ കോളേജ് പരിസരത്ത് വെച്ചാണ് നിയമ വിദ്യാർത്ഥിനി പ്രണയാഭ്യർത്ഥന നിരസിക്കപ്പെട്ടതിനെ തുടർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയായത്.
പൂർവ്വ വിദ്യാർത്ഥിയും തൃണമൂൽ ഛത്ര പരിഷത്ത് യൂണിറ്റ് മേധാവിയുമായ മോണോജിത് മിശ്ര ഇരയോട് വിവാഹാഭ്യർത്ഥന നടതിയതായാണ് വിവരം. എന്നാൽ ഇര മോണോജിത്തിന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതോടെ അന്ന് വൈകുന്നേരം ബലമായി ശുചിമുറിക്ക് സമീപം വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇര രക്ഷപ്പെടുന്നത് തടഞ്ഞുകൊണ്ട് കോളേജിന്റെ പ്രധാന ഗേറ്റ് പൂട്ടിയതായും വിവരമുണ്ട്. സംഭവത്തെക്കുറിച്ച് പുറത്തു പറഞ്ഞാൽ ഇരയുടെ കാമുകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രഹസ്യമായി റെക്കോർഡുചെയ്‌ത വീഡിയോകൾ ഉപയോഗിച്ച് മോണോജിത് ഇരയെ ബ്ലാക്ക്‌മെയിൽ ചെയ്തുവെന്നും സഹകരിച്ചില്ലെങ്കിൽ അവ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. അതേസമയം, സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണ്.