ഡല്‍ഹി : ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള പാതയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ച് മരണം. തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അപകടത്തിൽ 14 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
ജമ്മു കശ്മീരില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. മലമുകളിലെ ക്ഷേത്രത്തിലേക്ക് 12 കിലോ മീറ്ററാണ് ഉള്ളത്. പാതയുടെ പകുതി എത്തുമ്പോഴുള്ള സ്ഥലത്താണ് അപകടം നടന്നതെന്ന് റിപ്പോർട്ട്. ഇതോടെ ക്ഷേത്രത്തിലേക്കും ഈ വഴിയിലേക്കുമുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
കനത്ത മഴയെത്തുടര്‍ന്ന് ക്ഷേത്രത്തിലേക്കുള്ള ഹിംകോട്ടി പാത വഴിയുള്ള യാത്ര അധികൃതര്‍ രാവിലെ തന്നെ നിര്‍ത്തിവെച്ചിരുന്നു. പക്ഷേ, പഴയ പാതയിലൂടെയുള്ള യാത്ര ഉച്ചയ്ക്ക് ഒന്നരവരെ തുടര്‍ന്നിരുന്നു.എന്നാല്‍, ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്, ഈ വഴിയുള്ള യാത്രയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേ സമയം, ജമ്മു മേഖലയില്‍ അതിശക്തമായ മണ്‍സൂണ്‍ മഴ തുടരുകയാണ്.