ഡൽഹി : ഹിമാചൽ പ്രദേശിലെ ബിലാസ്പുർ ജില്ലയിൽ മണ്ണിടിഞ്ഞ് സ്വകാര്യ ബസ്സിനു മുകളിലേക്ക് പതിച്ച് വൻ അപകടം. സംഭവത്തിൽ 15 പേർ മരിച്ചു. ബസില്‍ മുപ്പതിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു.നിരവധി യാത്രക്കാർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം.
ബിലാസ്പുരിൽ ചൊവ്വാഴ്ചയാണ് അപകടം സംഭവിച്ചത്. മരോട്ടൻ-കലൗൾ റൂട്ടിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസിനു മുകളിലേക്ക് മലയിടുക്കിൽ നിന്ന് മണ്ണും പാറക്കെട്ടുകളും പതിക്കുകയായിരുന്നു. നാല് പേരെ രക്ഷപ്പെടുത്തിയതായും തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ജെസിബി ഉപയോഗിച്ച് മണ്ണും പാറകളും നീക്കം ചെയ്യുന്നതിന്റെയും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ബസിന്റെ ഒരു ഭാഗം പൂർണമായും തകർന്ന നിലയിലാണ്. പൊലീസ്, അഗ്നിരക്ഷാ സേന, ദുരന്ത നിവാരണ അതോറിട്ടി, പ്രദേശവാസികൾ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.