ന്യൂഡൽഹി: ലഡാക്ക് മേഖലയിലെ പ്രധാന സംഘടനകളായ കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (KDA), ലേ അപെക്സ് ബോഡി (LAB) എന്നിവരുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചർച്ച നടത്തി. ഇരുസംഘടനകളിൽ നിന്നുള്ള മൂന്ന് പ്രതിനിധികൾ വീതം ചർച്ചയിൽ പങ്കെടുത്തു. ലഡാക്ക് എം.പി.യും അഭിഭാഷകരും ചർച്ചയിൽ സന്നിഹിതരായിരുന്നു.(Ladakh violence, Organizations hold talks with central government)
ലഡാക്കിന് സംസ്ഥാന പദവി നൽകുക, ലഡാക്ക് നിവാസികൾക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് സംഘടനകൾ ചർച്ചയിൽ ഉന്നയിച്ചത്.
സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
സെപ്റ്റംബർ 24-ന് സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച സുപ്രീം കോടതി ജഡ്ജി ബി.എസ്. ചൗഹാൻ അധ്യക്ഷനായ സമിതിക്കാണ് അന്വേഷണ ചുമതല. സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നത് സമരക്കാരുടെ പ്രധാന ആവശ്യമായിരുന്നു.
പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സോനം വാങ്ചുക്ക് ഇപ്പോഴും ജയിലിലാണ്. ലഡാക്ക് വെടിവെപ്പിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാതെ താൻ ജയിലിൽ തുടരുമെന്ന നിലപാടിലായിരുന്നു സോനം വാങ്ചുക്ക്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ജയിലിൽ നിന്ന് സന്ദേശം അയക്കുകയും ചെയ്തിരുന്നു. സോനം വാങ്ചുക്കിനെ അഭിഭാഷകനും സഹോദരനും ജയിലിൽ സന്ദർശിച്ചിരുന്നു. സമരക്കാരുടെ ആവശ്യം അംഗീകരിച്ചാണ് ഇപ്പോൾ കേന്ദ്രസർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.