ഭോപാൽ: ഭോപ്പാലിലെ ‘90 ഡിഗ്രി’ വളവുള്ള എൽ ആകൃതിയിലുള്ള മേൽപാല നിർമാണത്തെച്ചൊല്ലി വിവാദം. ഈ പാലം അപകടം ഉണ്ടാക്കുമെന്നും നിർമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യം. വ്യാജ ഡിഗ്രിയുള്ള എൻജിനീയർമാരാകും പാലം നിർമിച്ചതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും ഉണ്ടായി.
18 കോടിരൂപ ചെലവിലാണ് 648 മീറ്റർ നീളവും 8.5 മീറ്റർവീതിയുമുള്ള മേൽപാലം നിർമിച്ചത്. നിർമാണം പൂർത്തിയായപ്പോഴാണ് 90 ഡിഗ്രി വളവ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. എൽ ആകൃതിയിലുള്ള കൊടും വളവിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുമെന്ന് വിമർശനം ഉയർന്നു. നിർമാണത്തിലെ പിഴവോ പദ്ധതിയുടെ റിപ്പോർട്ട് തയാറാക്കിയതിലെ പിഴവോ ആകാം ഇതിന് കാരണമെന്നാണ് നിഗമനം.
ആക്ഷേപങ്ങൾ പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി രാകേഷ് സിങ് പറഞ്ഞു. ഇത്രയും വളവുള്ള പാലം നിർമിച്ച സർക്കാരിനെ ചോദ്യം ചെയ്തു പ്രതിപക്ഷം രംഗത്തെത്തി. പാലം രൂപകൽപന ചെയ്തവരെ ശിക്ഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.