മുംബൈ: സൽമാൻ ഖാൻ നയിക്കുന്ന ബിഗ്ബോസ് റിയാലിറ്റി ഷോയിലേക്കുള്ള ക്ഷണം നിരസിച്ച് ഹാസ്യ താരം കുനാൽ കമ്ര. 'ഷോയിൽ പങ്കെടുക്കുന്നതിനെക്കാൾ നല്ലത് മാനസികാശുപത്രിയിൽ പോകുന്നതാണ്' എന്ന കുറിപ്പും അദ്ദേഹം സമൂഹമാധ്യത്തിൽ പങ്കുവച്ചു.
അതിനിടെ, കുനാൽ കമ്ര മുംബൈയിൽ എത്തിയാൽ അദ്ദേഹത്തിനെക്കൊണ്ടു മറുപടി പറയിക്കുമെന്നു പ്രഖ്യാപിച്ച് ശിവസേനാ എംഎൽഎ മുർജി പട്ടേൽ രംഗത്തെത്തി. മുർജി പട്ടേലിന്റെ പരാതിയിലാണ് മുംബൈയിലെ ഖാർ പൊലീസ് കുനാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അതേസമയം, കുനാൽ കമ്രയുടെ വിഡിയോകൾ പങ്കുവയ്ക്കുകയോ പാരഡിഗാനം പാടുകയോ ചെയ്തതിന് ആർക്കെതിരെയും പ്രതികാര നടപടി എടുത്തിട്ടില്ലെന്ന് മഹാരാഷ്ട്ര സർക്കാർ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിൽ കുനാലിനു സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ഹർഷ്‌വർധൻ കണ്ടേക്കർ എന്ന നിയമവിദ്യാർഥി നൽകിയ പൊതുതാൽപര്യ ഹർജി കോടതി തള്ളി. വിഡിയോ ഷെയർ ചെയ്തതിന് ആർക്കുമെതിരെ നടപടി എടുക്കരുതെന്നും ഹർഷ്‌വർധൻ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.